ആകാശത്തിലെ ശവപ്പെട്ടി (The Coffin in the Sky)
1958 ഡിസംബർ 4. രാത്രി 11 pm
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അതൊരു മനോഹരമായ കാഴ്ചയായിരുന്നു. നക്ഷത്രങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒരു കുഞ്ഞു വെളിച്ചം. പക്ഷേ, ആ വെളിച്ചത്തിനുള്ളിൽ ഒരു നരകം ഉണ്ടായിരുന്നു .
"സെസ്‌ന 172 "എന്ന ആ വിമാനത്തിന് റോബർട്ട് ടിം പേരിട്ടത്
'ഹസീൻഡ' എന്നായിരുന്നു.
പക്ഷേ ആകാശത്തേക്ക് ഉയർന്ന് ആദ്യത്തെ 48 മണിക്കൂർ പിന്നിട്ടപ്പോൾ ജോൺ കുക്കിന് തോന്നി തുടങ്ങിയത് അതൊരു വിമാനമല്ല, മറിച്ച് പറക്കുന്ന ഒരു 'ഉരുക്ക് ശവപ്പെട്ടി' (Steel Coffin) ആണെന്നാണ്.
വിമാനത്തിനുള്ളിലെ ശബ്ദം... അതായിരുന്നു ആദ്യത്തെ വില്ലൻ. എഞ്ചിന്റെ കാതടപ്പിക്കുന്ന ഇരമ്പൽ. ആയിരം കടന്നലുകൾ തലച്ചോറിനുള്ളിൽ ഇരുന്ന് മൂളുന്നതുപോലെയുള്ള ശബ്ദം. പരസ്പരം സംസാരിക്കാൻ പോലും അവർക്ക് അലറണമായിരുന്നു. വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റുകൾ എടുത്തുമാറ്റി അവിടെ വെറുമൊരു ഫോം മെത്തയാണ് ഇട്ടിരിക്കുന്നത്. നാലടി നീളം പോലുമില്ലാത്ത ഒരു ഇടം. അവിടെയാണ് ഒരാൾ ചുരുണ്ടുകൂടി കിടക്കേണ്ടത്.
"നമ്മൾ മുകളിലെത്തി ജോൺ... ഇനി താഴെ മരുഭൂമി മാത്രം,"
റോബർട്ട് ടിം കോക്പിറ്റിലിരുന്ന് വിളിച്ചു പറഞ്ഞു.
പക്ഷേ ജോൺ കുക്കിന്റെ കണ്ണുകൾ താഴെ പരന്നുകിടക്കുന്ന നെവാഡ മരുഭൂമിയിലെ കൂരിരുട്ടിലായിരുന്നു. ആ ഇരുട്ടിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു. താഴെ വീണാൽ ആരും അറിയില്ല. കത്തിക്കരിഞ്ഞ മാംസക്കഷ്ണങ്ങൾ തേടി കഴുകന്മാർ വരാൻ പോലും ദിവസങ്ങളെടുക്കും.
ആദ്യത്തെ രാത്രി ഏറ്റവും ഭീകരമായിരുന്നു. വിമാനത്തിന്റെ ചെറിയ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ ശൂന്യത മാത്രം. ഒരു നിമിഷം എഞ്ചിൻ ഒന്ന് നിർത്തിയാലോ എന്ന ഭ്രാന്തൻ ചിന്ത കുക്കിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. പിന്നീട് എങ്ങനെയോ അയാൾ അതിൽ നിന്ന് വഴുതിമാറി
വായുവിൽ എപ്പോഴും വിമാനത്തിൻറെ ഇന്ധനത്തിന്റെ ഗന്ധം കലർന്നിരുന്നു. ആ ഗന്ധം അവരുടെ ശ്വാസകോശങ്ങളിൽ പറ്റിപ്പിടിച്ചു. വരാനിരിക്കുന്ന 64 ദിവസങ്ങൾക്കുള്ളിൽ ഈ ഗന്ധം അവരുടെ രക്തത്തിൽ വരെ അലിഞ്ഞുചേരുമെന്ന് അപ്പോൾ അവർ അറിഞ്ഞിരുന്നില്ല.
വിമാനത്തിന്റെ തറയിലൂടെ ഒരു വിറയൽ പാദങ്ങളിലേക്ക് അരിച്ചു കയറുന്നുണ്ട്. അത് എഞ്ചിന്റെ വിറയലല്ല, മരണം അതിൻറെ പടി വാതിലിൽ മുട്ടുന്ന ശബ്ദമാണ്. ആകാശത്തിലെ ഏകാന്തതയിലേക്ക് അവർ ക്രമേണ വഴുതി വീഴുകയായിരുന്നു.
ദിവസം: 12.
ഇന്ധനം തീരുന്നു. ഫ്യൂവൽ ഗേജിലെ സൂചി ചുവന്ന വരയിലേക്ക് താഴുന്നു. സാധാരണ ഗതിയിൽ ഇതൊരു പൈലറ്റിന്റെ ഏറ്റവും വലിയ പേടിസ്വപ്നമാണ്. പക്ഷേ ഇവർക്ക് അതൊരു ദിനചര്യയാണ്. ഒരു മരണക്കളി.
"താഴേക്ക് പോകൂ... അവരുണ്ട്," കുക്ക് അലറി.
താഴെ, ഹൈവേ 99-ലൂടെ ഒരു ഫോർഡ് ട്രക്ക് ചീറിപ്പായുന്നുണ്ട്. മരുഭൂമിയിലെ പൊടിക്കാറ്റിൽ ആ ട്രക്ക് ഒരു ചെറിയ കറുത്ത പൊട്ടുപോലെ കാണപ്പെട്ടു. ടിം വിമാനത്തിന്റെ മൂക്ക് കുത്തനെ താഴേക്ക് തിരിച്ചു. ഗ്രാവിറ്റി നെഞ്ചിലേക്ക് അമരുന്ന അനുഭവം. വിമാനം മരുഭൂമിയിലെ റോഡിന് സമാന്തരമായി, വെറും 20 അടി ഉയരത്തിൽ പറക്കാൻ തുടങ്ങി.
ഇതൊരു ആത്മഹത്യാപരമായ നീക്കമാണ്. റോഡിലെ ചെറിയൊരു കല്ല്, അല്ലെങ്കിൽ പെട്ടെന്നുള്ള ഒരു കാറ്റ്... വിമാനം റോഡിൽ ഇടിച്ചിറങ്ങും. പ്രൊപ്പല്ലർ ബ്ലേഡുകൾ ട്രക്കിന്റെ മുകൾഭാഗം വെട്ടിപ്പൊളിക്കും. മാംസവും ലോഹവും കൂടിക്കുഴഞ്ഞ ഒരു ചട്നിയായി അവർ മാറും.
ജോൺ കുക്ക് വിമാനത്തിന്റെ വാതിൽ തുറന്നു. കാറ്റ് ഒരു രാക്ഷസനെപ്പോലെ ഉള്ളിലേക്ക് ഇരച്ചുകയറി. താഴെ ട്രക്കിൽ നിന്ന് ഒരാൾ മുകളിലേക്ക് നോക്കുന്നുണ്ട്. അയാളുടെ മുഖത്തെ ഭയം കുക്കിന് വ്യക്തമായി കാണാം. ട്രക്കിന്റെ വേഗതയും വിമാനത്തിന്റെ വേഗതയും തുല്യമാകണം (Synchronization). ഒരല്പം പിഴച്ചാൽ മരണം ഉറപ്പ്.
ട്രക്കിൽ നിന്ന് ഒരു ഹോസ് (Hose) മുകളിലേക്ക് എറിഞ്ഞു. കുക്ക് പാതി ശരീരം പുറത്തേക്കിട്ട് ആ ഹോസ് പിടിച്ചെടുത്തു. വിമാനത്തിന്റെ ഇന്ധന ടാങ്കിലേക്ക് അത് ഘടിപ്പിച്ചു.
ആ നിമിഷം... വിമാനത്തിനും ട്രക്കിനും ഇടയിൽ ആ റബ്ബർ പൈപ്പ് ഒരു പൊക്കിൾക്കൊടി പോലെയായി.
ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. പെട്ടെന്നൊരു കാറ്റ് വീശി. വിമാനം ഒന്ന് ഉലഞ്ഞു.
"ജോൺ! മുറുകെ പിടിച്ചോ!" ടിമ്മിന്റെ അലർച്ച.
വിമാനം വലത്തോട്ട് ചരിഞ്ഞു. കുക്ക് തെറിച്ചു പോകാതിരിക്കാൻ സീറ്റിന്റെ കാലിൽ കാലുകൾ കൊരുത്തിട്ടു.
ഇന്ധനം കുറച്ചു പുറത്തേക്ക് തെറിച്ചു. അത് കാറ്റിൽ പറന്ന് കുക്കിന്റെ മുഖത്തും കണ്ണിലും വീണു. കണ്ണിനുള്ളിൽ നീറുന്നു. കാഴ്ച മങ്ങുന്നു. പക്ഷേ പിടി വിട്ടാൽ ആ ഹോസ് പ്രൊപ്പല്ലറിൽ കുരുങ്ങും. വിമാനം കത്തും.
മൂന്ന് മിനിറ്റ്. നരകതുല്യമായ മൂന്ന് മിനിറ്റ്. ഒടുവിൽ ടാങ്ക് നിറഞ്ഞു. ഒപ്പം അവർക്കുള്ള ഭക്ഷണവും എത്തി ..ഹോസ് താഴേക്ക് ഇട്ടു. വിമാനം വീണ്ടും ആകാശത്തിന്റെ സുരക്ഷിതത്വമില്ലായ്മയിലേക്ക് ഉയർന്നു.
കുക്ക് തന്റെ ഇന്ധനം മണക്കുന്ന കൈകളിലേക്ക് നോക്കി. വിറയൽ മാറാൻ മണിക്കൂറുകൾ എടുത്തു. ഇത് ഇനിയും 120 തവണ കൂടി ആവർത്തിക്കണമായിരുന്നു.
ദിവസം: 35. പാതിരാത്രി.
ഉറക്കം... അതൊരു ആഡംബരമായിരുന്നു. മനുഷ്യന് ഭ്രാന്ത് പിടിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി അവന് ഉറക്കം നിഷേധിക്കുക എന്നതാണ്. 35 ദിവസമായി അവർ ശരിയായി ഉറങ്ങിയിട്ട്. ശരീരം തളർന്നു, പക്ഷേ മനസ്സ് ഉണർന്നിരുന്നു, അനാവശ്യമായ ചിന്തകളുമായി.
വിമാനത്തിൻ്റെ ഓട്ടോപൈലറ്റ് (Autopilot) എന്ന യന്ത്രം പണിമുടക്കിയിരിക്കുന്നു.
ഇനി ഓരോ നിമിഷവും വിമാനം കൈകൾ കൊണ്ട് നിയന്ത്രിക്കണം. ഒരാൾ ഉറങ്ങുമ്പോൾ മറ്റേയാൾ ഉണർന്നിരിക്കണം. പക്ഷേ ക്ഷീണം കൊണ്ട് കണ്ണ് ചിമ്മുന്ന ആ ഒരു നിമിഷം വിമാനം വട്ടം കറങ്ങാൻ തുടങ്ങും.
അന്നത്തെ രാത്രി ആകാശത്തിന് വല്ലാത്തൊരു കറുപ്പായിരുന്നു. റോബർട്ട് ടിം വിമാനം പറത്തുകയാണ്. ജോൺ കുക്ക് പിന്നിലെ മെത്തയിൽ മയങ്ങുന്നു. പെട്ടെന്ന് ടിം കോക്പിറ്റിലെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. അവിടെ...ദൂരെ മേഘങ്ങൾക്കിടയിൽ... ഒരാൾ നടക്കുന്നു!
ടിം ഞെട്ടിവിറച്ചു. കണ്ണുകൾ തിരുമ്മി. വീണ്ടും നോക്കി. "
അതാ, ചിറകില്ലാത്ത ഒരു മനുഷ്യരൂപം വിമാനത്തിന് ഒപ്പം പറക്കുന്നു"
. ടിം അലറിവിളിച്ചു. കുക്ക് ഞെട്ടിയുണർന്നു.
"എന്താ? എന്തുപറ്റി?"
"അവിടെ... അവിടെ ആരോ ഉണ്ട്!" ടിം വിരൽ ചൂണ്ടി.
കുക്ക് പുറത്തേക്ക് നോക്കി. ശൂന്യത മാത്രം.
"അവിടെ ഒന്നുമില്ല റോബർട്ട്. അത് നിന്റെ തോന്നലാണ്. ഹാലുസിനേഷൻ (Hallucination)!"
"അല്ല! ഞാൻ കണ്ടു. അവൻ എന്നെ നോക്കി ചിരിച്ചു!" ടിമ്മിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അവർക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു. തലച്ചോറ് യാഥാർത്ഥ്യവും തോന്നലുകളും തമ്മിലുള്ള വേർതിരിവ് നഷ്ടപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു രാത്രിയിൽ കുക്ക് വിചാരിച്ചത് വിമാനം ഒരു വലിയ മതിലിലേക്ക് ഇടിക്കാൻ പോകുന്നു എന്നാണ്. അയാൾ ഭയന്ന് വിമാനം വെട്ടിത്തിരിച്ചു. യഥാർത്ഥത്തിൽ അവിടെ ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആകാശത്തിലെ ഏകാന്തത അവരെ കാർന്നുതിന്നാൻ തുടങ്ങി. താഴെ ഭൂമിയിലുള്ള മനുഷ്യർ, അവരുടെ വീടുകൾ, വിളക്കുകൾ... എല്ലാം അന്യഗ്രഹജീവികളുടെ ലോകം പോലെ അവർക്ക് തോന്നി.
അവർ രണ്ട് പേർ മാത്രം, ഈ അനന്തമായ ശൂന്യതയിൽ, ഒരു യന്ത്രത്തിനുള്ളിൽ തടവിലാക്കപ്പെട്ട ജന്മങ്ങൾ. പരസ്പരം മിണ്ടാൻ പോലും അവർക്ക് ഭയമായി. കാരണം, പുറത്തു വരുന്ന വാക്കുകൾക്ക് അർത്ഥമുണ്ടാകില്ലെന്ന് അവർ ഭയന്നു
ദിവസം: 50.
വിമാനത്തിനുള്ളിലെ വായുവിന് ഇപ്പോൾ ശവപ്പറമ്പിലെ ഗന്ധമാണ്.
കുളിച്ചിട്ട് 50 ദിവസങ്ങൾ. വിയർപ്പ്, എണ്ണ, പെട്രോൾ, വിസർജ്ജ്യങ്ങൾ എന്നിവയുടെ ഗന്ധം ആ ചെറിയ ക്യാബിനിൽ തളംകെട്ടി നിൽക്കുന്നു.
പല്ലുതേച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല. തൊലിപ്പുറത്ത് വ്രണങ്ങൾ വന്നുതുടങ്ങി. ചൊറിച്ചിൽ സഹിക്കാനാവുന്നില്ല.
പക്ഷേ അതിനേക്കാൾ ഭീകരമായിരുന്നു വിമാനത്തിന്റെ അവസ്ഥ.
ആ പാവം സെസ്‌ന 172 ജീർണ്ണിച്ചു തുടങ്ങിയിരുന്നു. സ്പാർക്ക് പ്ലഗുകളിൽ (Spark Plugs) കാർബൺ അടിഞ്ഞുകൂടിയിരിക്കുന്നു. എഞ്ചിന്റെ താളം തെറ്റിത്തുടങ്ങി. ഓരോ തവണ പിസ്റ്റൺ ചലിക്കുമ്പോഴും എഞ്ചിൻ വേദനയോടെ ഞരങ്ങുന്നതുപോലെ തോന്നി.
"ഇതിന് ഇനി അധികം ആയുസ്സില്ല ജോൺ," ടിം നിരാശയോടെ പറഞ്ഞു.
എഞ്ചിന്റെ കരുത്ത് കുറയുന്നു. വിമാനം പഴയതുപോലെ ഉയരത്തിലേക്ക് കയറുന്നില്ല. ഫുൾ ത്രോട്ടിൽ കൊടുത്താലും അത് കിതയ്ക്കുന്നു. മരുഭൂമിയിലെ മലനിരകൾക്ക് മുകളിലൂടെ പറക്കുമ്പോൾ, വിമാനം മലമുകളിൽ തട്ടുമോ എന്ന് അവർ ഭയന്നു.
ഒരു രാത്രിയിൽ, ജനറേറ്റർ തകരാറിലായി. കോക്പിറ്റിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു. കൂരിരുട്ട്. ഡാഷ്ബോർഡിലെ മീറ്ററുകൾ കാണാൻ ടോർച്ച് അടിക്കണം. ഹീറ്റർ പ്രവർത്തിക്കുന്നില്ല. മരുഭൂമിയിലെ രാത്രിക്ക് എല്ലുറയുന്ന തണുപ്പാണ്. കമ്പിളികൾക്കുള്ളിൽ ചുരുണ്ടുകൂടിയിട്ടും അവരുടെ പല്ലുകൾ കൂട്ടിയിടിച്ചു. തണുപ്പും വിശപ്പും ക്ഷീണവും...
ഏറ്റവും അറപ്പുളവാക്കുന്ന കാര്യം വിസർജ്ജനമായിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ മലമൂത്രവിസർജ്ജനം നടത്തി അത് ജനലിലൂടെ പുറത്തേക്ക് എറിയണം. പലപ്പോഴും കാറ്റിൽ അത് തിരിച്ച് വിമാനത്തിന്റെ വശങ്ങളിൽ തന്നെ വന്ന് അടിക്കും. ആ നാറ്റത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും അവർക്ക് അറപ്പുതോന്നി. വിശപ്പ് കെട്ടടങ്ങി. ശരീരത്തിലെ മാംസം ഉരുകിത്തീർന്നു. കണ്ണുകൾ കുഴിയിലായി. അവർ ജീവനുള്ള അസ്ഥികൂടങ്ങളായി മാറിക്കഴിഞ്ഞിരുന്നു.
"നമുക്ക് നിർത്താം... പ്ലീസ്," കുക്ക് പലവട്ടം പറഞ്ഞു.
പക്ഷേ ടിമ്മിന്റെ കണ്ണുകളിൽ ഒരു വന്യമായ തിളക്കമുണ്ടായിരുന്നു.
"ഇല്ല... മരിച്ചാലും താഴെ ഇറങ്ങില്ല. റെക്കോർഡ്... അതൊന്നു മാത്രമാണ് ലക്ഷ്യം."
65 ആം ദിവസം . ഫെബ്രുവരി 7, 1959.
അവസാനം ആ തീരുമാനം അവർ എടുത്തു. ഇറങ്ങാം.
പക്ഷേ അതൊരു ആഘോഷമായിരുന്നില്ല. തോൽവിയുമല്ല. വെറും കീഴടങ്ങൽ മാത്രം. എഞ്ചിൻ ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്ന അവസ്ഥയിലാണ്. സ്പാർക്ക് പ്ലഗുകൾ പൂർണ്ണമായും കരിപിടിച്ചു പോയി.
ലാസ് വെഗാസിലെ മക്കറൻ ഫീൽഡ് ദൂരെ കണ്ടു. 65 ദിവസങ്ങൾക്ക് ശേഷം ഭൂമിയെ തൊടാൻ പോകുന്നു. പക്ഷേ അവർക്ക് സന്തോഷമുണ്ടായിരുന്നില്ല. മനസ്സിൽ ഒരു മരവിപ്പ് മാത്രം.
ടിം ലാൻഡിംഗ് ഗിയർ താഴ്ത്തി. ചക്രങ്ങൾ ലോക്ക് ആയോ എന്ന് പോലും ഉറപ്പില്ല. വിമാനം റൺവേയിലേക്ക് അടുത്തു. ഭൂമി അവരെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നതുപോലെ തോന്നി.
തൊട്ടു!
ചക്രങ്ങൾ റൺവേയിൽ ഉരസിയപ്പോൾ ഉണ്ടായ ആ ചെറിയ കുലുക്കം... അതൊരു ഇടിമുഴക്കം പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്. വിമാനം നിന്നു.
എഞ്ചിൻ ഓഫ് ചെയ്തു.
പെട്ടെന്ന്... ലോകം നിശബ്ദമായി. 64 ദിവസവും 22 മണിക്കൂറും 19 മിനിറ്റും തുടർച്ചയായി കേട്ടുകൊണ്ടിരുന്ന ആ ഇരമ്പൽ നിലച്ചു. ആ നിശബ്ദത അവരെ ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. ചെവികൾക്കുള്ളിൽ ഇപ്പോഴും എഞ്ചിന്റെ മൂളലുണ്ട്.
വാതിൽ തുറന്നു. പുറത്ത് ആളുകൾ ഓടിക്കൂടുന്നു. ക്യാമറ ഫ്ലാഷുകൾ മിന്നുന്നു.
പക്ഷേ റോബർട്ട് ടിമ്മിനും ജോൺ കുക്കിനും അനങ്ങാൻ കഴിഞ്ഞില്ല. കാലുകൾ മരവിച്ചിരിക്കുന്നു. പേശികൾ ചലിക്കുന്നില്ല. അവരെ വിമാനത്തിൽ നിന്ന് എടുത്തു പുറത്തിറക്കേണ്ടി വന്നു.
ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ ജോൺ കുക്ക് മേൽക്കൂരയിലേക്ക് നോക്കി പറഞ്ഞു:
"ഇനി ഒരിക്കലും... ഒരിക്കലും ഞാനൊരു വിമാനത്തിൽ കയറില്ല."
അതൊരു സത്യമായിരുന്നു. റെക്കോർഡുകൾ പുസ്തകങ്ങളിൽ എഴുതപ്പെടും. പക്ഷേ ആ 65 ദിവസങ്ങൾ അവരുടെ ആത്മാവിൽ ഏൽപ്പിച്ച മുറിവുകൾ, ആ ഭയം, ആ ഏകാന്തത... അത് മരണം വരെ അവരെ വേട്ടയാടിക്കൊണ്ടേയിരുന്നു.
ആകാശത്തെ ജയിച്ചവർ... പക്ഷേ സ്വന്തം മനസ്സിനെ അവർക്ക് അവിടെ ബലികൊടുക്കേണ്ടി വന്നു.
അന്ന് അവർ അവിടെ സ്ഥാപിച്ച റെക്കോർഡ് ഇന്നുവരെ ലോകത്തിലെ ഒരു മനുഷ്യനാലും തകർക്കപ്പെട്ടിട്ടില്ല ഇനിയും അത് തകരുമോ എന്നും സംശയമാണ്...
EmoticonEmoticon