എന്റെ പിഴ
മുലയിലേക്കും അരക്കെട്ടിലേക്കും
നോക്കുന്നതിനു പകരം
നിന്റെ കണ്ണുകളിലെന്നെ തിരഞ്ഞത്,
എന്റെ പിഴ
കാമമൊപ്പിയെടുക്കുന്നതിനു പകരം
നിന്റെ ചുണ്ടുകളെ സ്നേഹിച്ചത്,
എന്റെ പിഴ
കൈവിരലുകൾ കോർത്ത്
ആകാശങ്ങൾ തിരഞ്ഞപ്പോഴൊരിക്കലും
നിന്റെ ഗർഭപാത്രത്തിലേക്കുള്ള
വഴികളന്വേഷിക്കാതിരുന്നത്,
എന്റെ പിഴ
അവസാനത്തെ ശ്വാസവും
നിന്നിലേക്ക് പറത്തി വിട്ട്
നിന്നിൽ തീരാനാഗ്രഹിച്ചപ്പോഴും
പിൻ തിരിഞ്ഞ് നടക്കാൻ
വഴികളൊന്നും അവശേഷിപ്പിക്കാത്തത്,
എന്റെ പിഴ
നീ നീയെന്ന് മാത്രമിടിക്കുന്ന
ഹൃദയത്തോട് ഇടക്കെങ്കിലും
എന്നെയോർക്കാൻ പഠിപ്പിക്കാഞ്ഞത്,
എന്റെ പിഴ, എന്റെ വലിയ പിഴ
ഇക്കാലം കൊണ്ടെന്നെ
സ്നേഹിച്ച് മടുത്ത്
പിരിയാനൊരുങ്ങുമ്പോൾ
ഒരു നാണയ തുട്ട് പോലും
നിനക്ക് നീട്ടാഞ്ഞത്...