ഏപ്രിൽ 26...
ഗണിതശാസ്ത്രത്തിലെ അത്ഭുതപ്രതിഭ,
ശ്രീനിവാസ രാമാനുജൻ
(1887 - 1920)
ഓർമ.
''രാമാനുജന്റെ തോട്ടത്തിൽ നിന്നുള്ള വിത്തുകൾ കാറ്റിൽ വീശുകയും ഭൂപ്രകൃതി മുഴുവൻ മുളപ്പിക്കുകയും ചെയ്യുന്നു.''-
ഫ്രീമാൻ ഡിസൈൻ.
ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ.
ശുദ്ധ ഗണിതത്തിൽ വിദഗ്ദശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലുടെ ഗണിതവിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നങ്ങൾ തുടങ്ങിയ ഗണിതശാസ്ത്ര മേഖലകളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.
ദരിദ്രകുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസത്തിനുപോലും വകയില്ലാതെ വലഞ്ഞ യുവാവ് മഹാഗണിതജ്ഞനായി ഇംഗ്ലണ്ടിലെ ഉന്നത ശാസ്ത്ര സഭകളിലിടം പിടിച്ച കഥ അപൂർവവും നാടകീയവുമാണ്. അല്പകാലം മാത്രം നീണ്ട ജീവിതത്തിനിടയിൽ രാമാനുജൻ കീഴടക്കിയത് ഗണിതത്തിലെ രാജപാതകളാണ്.
തമിഴ്നാട്ടിലെ ഈറോഡിൽ ജനനം.
പഠനത്തിലെ മികവ് പരിഗണിച്ച് പകുതി ഫീസ് ഇളവു നൽകിയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉയർന്ന ക്ലാസ്സുകളിലുള്ളവരുടെ സംശയങ്ങൾ തീർത്തുകൊടുത്തും വിഷമം പിടിച്ച കണക്കുകൾ നിമിഷങ്ങൾ കൊണ്ടു ചെയ്തും ഏതു സംഖ്യയുടെ വർഗമൂലവും പൈയുടെ മൂല്യവും നാലോ അഞ്ചോ ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിച്ചും സ്കൂളിൽ താരമായി.
1904-ൽ സ്കോളർഷിപ്പ് സഹായത്തോടെ കുംഭകോണം സർക്കാർ സ്കൂളിൽ ചേർന്നു. ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സ്കോളർഷിപ്പ് നഷ്ടമായി.
1906-ൽ പച്ചയപ്പാസ് കോളേജിൽ ചേർന്നെങ്കിലും അവിടെയും ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സർവകലാശാലാ സ്വപ്നം പൊലിഞ്ഞു.
സംശങ്ങൾ തീർക്കാൻ ആരുമില്ലാതെ തനിച്ചിരുന്നു പഠനം തുടർന്നും ജീവിക്കാൻ ജോലിയന്വേഷിച്ചും നടക്കുന്നതിനിടെ ജി.എസ്.കാർ എഴുതിയ ഗണിതപുസ്തകത്തിലെ, വേണ്ടത്ര തെളിവുകളോ വിശദീകരണമോ ഇല്ലാത്ത 6000 സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിലെ പുതിയ ഗണിത ശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. അതിവിദഗ്ദ ഗണിതജ്ഞർക്കു മാത്രം കഴിയുന്ന പ്രവൃത്തിയായിരുന്നു അത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്കരിച്ചു. പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ 'ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്. ഉത്കൃഷ്ടമൊന്നുമല്ലാത്ത കാർ-ന്റെ പുസ്തകം പ്രശസ്തമായത് രാമാനുജനിലൂടെയാണ്.
1911-ൽ ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജൻ തയ്യാറാക്കിയ പ്രബന്ധം അടിച്ചുവന്നതോടെ പ്രശസ്തിയിലേക്കുയർന്നു.
1912-ൽ മറ്റു പലരുടെയും സഹായത്തോടെ മദ്രാസ് അക്കൗണ്ട്സ് ജനറൽ ഓഫീസിൽ ക്ലർക്കായി. 1913-ൽ മദ്രാസ് സർവകലാശാല ഗവേഷണ വിദ്യാർത്ഥിയായി. അവിടെവച്ച് ' കണ്ടെത്തിയ പല സിദ്ധാന്തങ്ങളും കൂടെയുള്ളവർക്കും അധ്യാപകർക്കും എളുപ്പം ഗ്രഹിക്കാനോ മനസ്സിലാക്കാനോ കഴിയുന്നതായിരുന്നില്ല.
പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ കേംബ്രിഡ്ജിലെ ജി.എച്ച്.ഹാർഡിക്ക് രാമാനുജൻ അയച്ച കത്ത്, അദ്ദഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
1914 ഏപ്രിൽ 14-ന് ലണ്ടനിലെത്തി.
ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും. അടിസ്ഥാന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവ് നൽകി 1916-ൽ കേംബ്രിഡ്ജ് സർവകലാശാല 'ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച്' ബിരുദം നൽകി. ഇംഗ്ലണ്ടിൽ വച്ച് രാമാനുജൻ 37 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ഏഴെണ്ണം ഹാർഡിയുമായി ചേർന്നായിരുന്നു.
1918 ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരനായി. അതേ വർഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരനായി.
രാമാനുജൻ -ഹാർഡി നമ്പർ പ്രസിദ്ധമാണ്. ആശുപത്രിയിൽ ചികിസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ ഹാർഡി തന്റെ കാറിന്റെ നമ്പറായ 1729 ഒരു പ്രത്യേകതയുമില്ലെന്നു പറഞ്ഞപ്പോൾ രണ്ട് ഘനങ്ങളുടെ (ക്യൂബ്) തുകയായി രണ്ട് തരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
അതിങ്ങനെയാണ്,
10^3 + 9^3 = 1729
12^3 + 1^3 = 1729.
യാഥാസ്ഥിതിക ബ്രാഹ്മണ ചുറ്റുപാടിൽ നിന്നുവന്ന സസ്യാഹാരിയായ രാമാനുജന് ഇംഗ്ലണ്ടിലെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. സ്വയം പാകം ചെയ്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. നേരത്തേ ആരോഗ്യമില്ലാതിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ തണുപ്പ് ക്ഷീണിതനാക്കി. ഹാർഡിയാണ് തുണയായത്. രാമാനുജൻ കടുത്ത മതവിശ്വാസിയും ഉൾവലിഞ്ഞ് ജീവിക്കുന്നവനും ഹാർഡി ഉറച്ച നിരീശ്വരവാദിയും ഊർജ്ജസ്വലനായ പൊതുപ്രവർത്തകനുമായിരുന്നു. ഈ വൈരുധ്യങ്ങൾ അവരുടെ ജീവിതത്തെ ബാധിച്ചില്ല. രോഗമെന്തെന്നു തിരിച്ചറിയാൻ (ക്ഷയമാണെന്ന് കരുതപ്പെടുന്നു) കഴിയാത്ത അവസ്ഥയിലും ഗണിതശാസ്ത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.
1919 ഫെബ്രുവരി 27-ന് ഇന്ത്യയിലെത്തി.
മരണവുമായി മല്ലിടുമ്പോഴും താൻ വികസിപ്പിച്ച പ്രമേയങ്ങൾ ഹാർഡിക്ക് അയച്ചുകൊടുത്തു. രാമാനുജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വച്ച് പല ശാസ്ത്രജ്ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു. രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ചെടുത്ത് ബ്രൂസ്.സി.ബെർട് 1985-നും 1997-നുമിടയിൽ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. 1993 മുതൽ ചെന്നൈയിലെ റോയപുരത്ത് രാമാനുജൻ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു.
1991-ൽ റോബർട്ട് കനിഗൽ രാമാനുജനെ കുറിച്ച് 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ പുസ്തകം എഴുതി. ഇതിന്റെ മലയാള പരിഭാഷ 'അനന്തത്തെ അറിഞ്ഞ ആൾ' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. 2015-ൽ മാത്യു ബ്രൗണിന്റെ സംവിധാനത്തിൽ 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ ഒരു ഇംഗ്ളീഷ് സിനിമയും പുറത്തിറങ്ങി.
രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികമായ 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി രാജ്യം പ്രഖ്യാപിച്ചിരുന്നു. അതേവർഷം മുതൽ രാമാനുജന്‍റെ ജന്മദിനം ഇന്ത്യ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
EmoticonEmoticon