Golden Behavioural Aspects !

February 18, 2020 Add Comment
*നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോൾ പങ്കു വെക്കണമെന്ന് തോന്നി.*
________________________
1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

10.എപ്പോഴും, സഹായത്തിനു നന്ദി പറയുക

11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

14.സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

17.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക

18.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.

19. ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോടു കൂടിയുള്ളതാണ്.

20.നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
(കടപ്പാട്🙏)

ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശബ്ദം അല്പമൊന്ന് താഴ്ത്തിക്കൂടേ

February 17, 2020 Add Comment
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശബ്ദം അല്പമൊന്ന് താഴ്ത്തിക്കൂടേ?

മറ്റെല്ലാ മലിനീകരണ പ്രവർത്തനങ്ങൾ പോലെ തന്നെ ഹാനികരമായ ഒന്നാണ് ശബ്ദ മലിനീകരണവും അതിൻറെ പ്രത്യാഘാതവും. ഇത് എല്ലാവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നവയാണ്.

ഉച്ചത്തിലുള്ള ശബ്ദം ഇന്ന് സർവ്വവ്യാപിയായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് എവിടെ ചെന്നാലും നമുക്ക് ഒച്ചയും ബഹളവും മാത്രമാണ് കേൾക്കാൻ കഴിയുക. ജീവിതത്തിന്റെ ഭാഗമായി മാറിയ ഇത്തരം ശബ്ദമലിനീകരണങ്ങൾ എല്ലാം തന്നെ ഗർഭാവസ്ഥയിലിരിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും, കൗമാര പ്രായക്കാർക്കും, മുതിർന്നവർക്കും എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും ഒരുപോലെ ദോഷകരമായ ഒന്നാണ്. അളവിൽ കവിഞ്ഞ ശബ്ദം ഒരാളെ ശാരീരികവും മാനസികവുമായ രീതിയിൽ പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ കാരണമാകുന്നു. ശബ്ദ മലിനീകരണം താൽക്കാലികമോ ശാശ്വതമോ ആയി നമ്മുടെ ശ്രവണ ശേഷിയെ കവർന്നെടുക്കാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിലെങ്കിലും ഇതു മറ്റ് വൈകല്യങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. നിശ്ചിത അളവിലും അധികമായ ശബ്ദത്തിന്റെ ദോഷകരമായ പ്രകമ്പനങ്ങൾ നമ്മുടെ ചെവികളിൽ നേരിട്ട് പതിക്കുന്നതു വഴി മൃദുലവും ലോലവുമായ ചെവിക്കല്ലുകൾക്ക് തകരാറ് സംഭവിക്കാൻ കാരണമാകുകയും കാലക്രമേണ ഇത് പൊട്ടിപ്പോകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ശബ്‌ദം അതിന്റെ പരിധി കവിയുമ്പോൾ, അത് മനുഷ്യനുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യനിലയെ മാരകമാക്കി തീർക്കുമെന്ന കാര്യം എല്ലാവരും ആദ്യമേ മനസ്സിലാക്കേണ്ട ഒന്നാണ്.

നമ്മുടെ വീടിന്റെ അകത്തും പുറത്തും ഉണ്ടാകുന്ന അനിയന്ത്രിതമായ ശബ്ദങ്ങൾ എല്ലാം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ളവയും അപകടങ്ങൾ പതിയിരിക്കുന്നതുമായ ഒന്നാണെന്ന് പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 85 dB (Decibel) യിൽ കൂടുതൽ ദൈർഘ്യമേറിയ ശബ്ദത്തിലേക്ക് ചെവികൾ തുറന്നു വയ്ക്കുന്നത് സ്ഥിരമായി ശ്രവണ ശേഷി നഷ്ടപ്പെടാൻ കാരണമാകും. ചെവികൾക്കുള്ളിലെ ശ്രവണ പ്രക്രിയയെ സഹായിക്കുന്ന ഏറ്റവും പ്രധാന അവയവമാണ് കോക്ലിയ. ശബ്ദ ആവൃത്തികളെ കണ്ടെത്തുന്നതിനായി അതിലോലമായ ഹെയർ സെല്ലുകൾ ഇവയ്ക്കുള്ളിൽ നിലകൊള്ളുന്നുണ്ട്. 85 മുതൽ 125 dB വരെ ദൈർഘ്യമുള്ള ശബ്ദ തീവ്രതയ്ക്ക് കാതുകൾ വിധേയമാവുമ്പോൾ ഈ സെല്ലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നു.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി കൗമാരക്കാരിലാണ് എറ്റവും കൂടുതലായി കേൾവി ശക്തി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിലും ഭയപ്പെടുത്തുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരത്തിൽ ശ്രവണ ശക്തി നഷ്ടപ്പെടുന്നത് ഇവർക്ക് വർഷങ്ങളോളം തിരിച്ചറിയാനാകാതെ വരുന്നു എന്നതാണ്.

ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾ ഉണ്ടാകാൻ ഇടയുള്ള ഉറവിടങ്ങളിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. ഒരു സംഗീത ഉപകരണം ഉയർന്ന ശബ്ദത്തോടെ പ്ലേ ചെയ്യുമ്പോഴും, സംഗീത കച്ചേരികളിൽ പങ്കെടുക്കുക, പാട്ടുകൾ അല്ലെങ്കിൽ ഗെയിമുകൾ കേൾക്കാനായി വ്യക്തിത ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക, മെഷീനുകൾ ഉപയോഗിച്ച് പുല്ലുകൾ വെട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം, ടാർഗെറ്റ് ഷൂട്ടിംഗ് വിനോദങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഉണ്ടാകുന്ന ശബ്ദകോലാഹലങ്ങൾ തുടങ്ങിയവ കൗമാരക്കാരിൽ കേൾവിശക്തി തകരാറിലാക്കാൻ കാരണമാകുന്ന കാര്യങ്ങളാണ്.

ഉയർന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ മൂലം ചിലപ്പോൾ സ്ത്രീകൾക്ക് ഗർഭഛിദ്രം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ഹൃദയം നിലച്ചു പോകാനും ശിശുവിന്റെ മുഴുവൻ സ്വഭാവത്തിലും മാറ്റം വരുത്താനും ഇത് കാരണമായേക്കാം. വളർന്നുവരുമ്പോൾ കുട്ടികൾക്ക് മറവിയുടെ പ്രവണതകൾ ഉണ്ടാക്കാനും കാരണമായേക്കാം. പഠനവും പെരുമാറ്റവും ഉൾപ്പെടെ കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഇത്തരം ശബ്ദമലിനീകരണം.

കേൾവിക്കുറവ്: ചെവിയിൽ എല്ലായിപ്പോഴും മുഴക്കം അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിടസ്. ഇത് പലപ്പോഴും ശരീരത്തിൽ ശ്രവണ ശേഷി നഷ്ടപ്പെടുന്നതിന്റെ ആദ്യ ലക്ഷണമായി കണക്കാക്കാവുന്ന ഒന്നാണ്. അളവിൽ കവിഞ്ഞ ദീർഘനേരത്തെ ശബ്ദ പ്രകമ്പനങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന സ്ഥിരമായ ശ്രവണ വൈകല്യമാണ് noise-induced hearing loss (NIHL).

ഹൃദയ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു

ഉയർന്ന ശബ്ദത്തിന് വിധേയരാകേണ്ടി വരുന്ന കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വിവിധ ശബ്ദവ്യതിയാനങ്ങൾക്ക് ഒരു കുട്ടിയെ ഉണർത്താനോ അവന്റെ ഉറക്ക രീതികളെ തടസ്സപ്പെടുത്താനോ സാധിക്കും.

അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ

മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ്, കുട്ടികൾക്ക് ഓട്ടോടോക്സിക് മരുന്നുകൾ കൊടുക്കേണ്ടി വരുന്ന അവസ്ഥ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.


ഉയർന്നുവരുന്ന ശബ്ദം നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത് അമിത രക്തസമ്മർദ്ദം, കാഴ്ച ശക്തി കുറയുന്നത്, തലകറക്കം, അമിതമായ വിയർപ്പ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. ശബ്ദം നമ്മുടെ ശരീരത്തിലെ കോപത്തെ വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ പ്രകോപിതനാക്കാൻ കാരണമായേക്കാം. ഇത് ധമനികളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തുന്നു. നിരന്തരമായ ശബ്‌ദം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് രക്തക്കുഴലുകളെ ചുരുക്കുന്നു, ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ദീർഘമായ ശബ്‌ദം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കമില്ലായ്മ പ്രശ്നങ്ങൾ മനുഷ്യന്റെ പല ദൈനം ദിന പ്രവർത്തനങ്ങളെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തി ക്ഷീണിതനാകുകയും കൂടുതൽ പിരിമുറുക്കം അനുഭവപ്പെടുകയും പ്രകോപിതനാകുകയും ചെയ്തുകൊണ്ട് അയാളുടെ സ്വഭാവത്തെ തന്നെ മാറ്റാൻ സാധ്യതയുണ്ട്.

ശബ്ദ മലിനീകരണ മേഖലകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ കൈക്കൊള്ളേണ്ടത് ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്നാണ്. അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഉച്ചഭാഷിണികളും ലൗഡ് സ്പീക്കറുകളുമെല്ലാം നിരോധിക്കാൻ ശ്രമിക്കുക. ഗർഭിണികളും നവജാത ശിശുക്കളും, കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഭൂരിഭാഗം ആളുകളും ഇതു മൂലമുള്ള ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഇരയാകുന്നുണ്ട്. അവർക്ക് പരമാവധി സംരക്ഷണം നൽകിക്കൊണ്ട് വേണം ഇതിൻറെ പ്രവർത്തനങ്ങൾ ശീലമാക്കാൻ.

ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണ്ട ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണ്. ട്രാഫിക് ശബ്‌ദങ്ങൾ സുരക്ഷിതമായ പരിധിക്കുള്ളിൽ ആയിരിക്കണം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ നിന്നും അകന്നുമാറി വേണം പാർപ്പിടങ്ങൾ പണികഴിപ്പിക്കാൻ. വീടുകൾക്ക് അനുയോജ്യമായ രീതിയിൽ പ്രൂഫ് ചെയ്യണം. എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ചിലതെങ്കിലും ശബ്ദമലിനീകരണത്തെ തടയാനായി ചെയ്യേണ്ടതുണ്ട്.