ആറ്റിങ്ങൽകലാപം (1720 Anjutheng Freedom Fight )

April 08, 2020 Add Comment
#ആറ്റിങ്ങൽകലാപം 
1721ൽ അഞ്ചുതെങ്ങിലുണ്ടായിരുന്ന ബ്രിട്ടീഷ് കച്ചവടക്കാരും, പരിസരപ്രദേശങ്ങളിലുള്ള നാട്ടുകാരും തമ്മിൽനടന്ന ഏറ്റുമുട്ടലാണ് ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കലാപം. ഒരു വിദേശ ശക്തിക്കെതിരെ നാട്ടുകാർ സംഘടിച്ച കലാപം എന്നനിലയിൽ തന്നെയാണ് ഈ സംഭവത്തിന്‌ ചരിത്രപ്രാധാന്യം ലഭിച്ചതും. ഈ കലാപത്തിന്റെ ചരിത്രത്തിലൂടെ....

#ഇംഗ്ലീഷുകാർ_അഞ്ചുതെങ്ങിൽ 
കോഴിക്കോട് പല ബുദ്ധിമുട്ടുകളും നേരിട്ട ഇംഗ്ലീഷുകാർ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അക്കാലത്ത് ആറ്റിങ്ങൽ റാണിയായ ഉമയമ്മറാണിയുടെ അധീനതയിലാരുന്നു അഞ്ചുതെങ്ങ്. വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽപ്രദേശം 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് അവർക്ക് കിട്ടി. അവിടെ ഒരു കോട്ട കെട്ടാനുള്ള അനുവാദവും 1690 ൽ ഇംഗ്ലീഷുകാർക്കു ലഭിച്ചു.1695 ൽ കോട്ടയുടെ പണി പൂർത്തിയായി. 

അഞ്ചുതെങ്ങ് കിട്ടിയത് ഇംഗ്ലീഷുകാർക്ക് വലിയൊരു നേട്ടമായിരുന്നു. ജലമാർഗ്ഗമുള്ള വാണിജ്യമായിരുന്നു അന്ന് പ്രാബല്യത്തിലുണ്ടായിരുന്നത്. വടക്കോട്ടുള്ള ജലഗതാഗതത്തിന് ആ സ്ഥലം സൗകര്യപ്രദമായിരുന്നതുകൊണ്ട് വാണിജ്യം അഭിവൃദ്ധിപ്പെടാൻ അത് സഹായകമായി. സൈനികസാമഗ്രികൾ സംഭരിക്കുന്ന ഒരു കേന്ദ്രവും അവർ അവിടെ തുറന്നു. വളരെ വൈകാതെ പശ്ചിമതീരത്ത് ബോംബെ കഴിഞ്ഞാൽ ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനമായ വ്യാപാരസങ്കേതമായിത്തീർന്നു, അഞ്ചുതെങ്ങ്. ദക്ഷിണകേരളത്തിലും മധ്യകേരളത്തിലും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സ്വാധീനശക്തി വ്യാപിപ്പിക്കാൻ കാലുറപ്പിക്കുന്നതിന് ഒരു ഇടമാവുകയും ചെയ്‌തു. ഇന്ത്യയിൽ ഇംഗ്ളീഷുകാർക്ക് ഏറ്റവും മികച്ച ശക്തികേന്ദ്രവും കൂടിയായിരുന്നു ഇവിടം. 

സൈനിക പരിശീലന കേന്ദ്രവും അഞ്ചുതെങ്ങായി മാറി. ഇത് അഞ്ചുതെങ്ങിലെ മുക്കുവരെ ചൊടിപ്പിച്ചു.

അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് കച്ചവടക്കാരും മുസ്ലിംവ്യാപാരികളും തമ്മിൽ കുരുമുളക് കച്ചവടത്തിന്റെ പേരിൽ പലപ്പോഴായി വലിയ മത്സരം നടന്നിരുന്നു. ആറ്റിങ്ങൽ റാണിയുമായി കൂടുതൽ അടുത്ത ബ്രിട്ടീഷുകാർ 1697 ൽ കുരുമുളകിന്റെ കുത്തക തന്ത്രപൂർവം കൈക്കലാക്കി. ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചുകൊടുത്തത് സ്ഥലവാസികളെ രോഷാകുലരാക്കി. 

ബ്രിട്ടീഷുകാരിൽതന്നെ കുറേപേർ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി പലകുഴപ്പങ്ങളും ചെയ്തുവന്നു. കൂടാതെ ഫാക്ടറിയിലെ ദ്വിഭാഷിയുടെ സ്നേഹാവർത്തിയിലും നാട്ടുകാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. അഞ്ചുതെങ്ങിലെ ഉദ്യോഗസ്ഥനായ 'ഗിഫോർഡ്' വലിയ അഴിമതിക്കാരനായിരുന്നുവെന്നു നാട്ടുകാർക്കിടയിൽ അഭിപ്രായം നിലനിന്നിരുന്നു. കുരുമുളകിന്റെ തൂക്കത്തിലും വിലയിലും വൻ അഴിമതി കാട്ടി ജനത്തെ പറ്റിച്ച ഗിഫോർഡിനു എതിരെ കർഷകർ പ്രതിഷേധിച്ചപ്പോൾ, കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ കുരുമുളക് നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി. റാണിയുടെ ഒത്താശയോടെ ഉണ്ടാക്കിയ ഈ നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി. അവർ 1697 ൽ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. പക്ഷെ, ആ ആക്രമണം അലസിപ്പോവുകായാണുണ്ടായത്.

#ആറ്റിങ്ങൽ_കലാപം (1721)
1721 ൽ അഞ്ചുതെങ്ങിലെ വ്യവസായശാലയുടെ കാര്യത്തിൽ ഒരു പ്രതിസന്ധിഘട്ടമുണ്ടായി. അവിടുത്തെ ഇംഗ്ലീഷ് വ്യാപാരികൾ ഗിഫോർഡിന്റെ കീഴിൽ, കലുഷ പ്രവർത്തികളാലും ധൃഷ്ടമായ പെരുമാറ്റത്താലും ജനങ്ങളെ ശത്രുക്കളാക്കി. അതേസമയം അവർ വർഷം തോറും ‘കപ്പം’ എന്ന നിലയ്ക്ക് വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. വിദേശ വസ്തുക്കളായിരുന്നു റാണിക്ക് പ്രിയമെന്നറി‌ഞ്ഞ് അത് തന്നെ നൽകാൻ അവർ പരമാവധി ശ്രമിച്ചിരുന്നു.

ആറ്റിങ്ങൽ റാണിയും ബ്രിട്ടീഷ് കാരുമായുള്ള വാണിജ്യകരാറുകളിൽ, ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാർക്ക് കടുത്ത എതിർപ്പ് നിലനിന്നിരുന്നു. പിള്ളമാരുടെ പ്രതിനിധികൾ, ഇംഗ്ലീഷുകാർ റാണിയ്ക്ക് കൊടുക്കാറുള്ള സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം റാണിയ്ക്ക് സമർപ്പിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. ഇത് ഗിഫോർഡ് നിരസിച്ചു. 

അങ്ങനെയിരിക്കെ ആറ്റിങ്ങൽറാണിയ്ക്ക് ഉള്ള കാഴ്ചദ്രവ്യം കൊട്ടാരത്തിൽ നേരിട്ട് കൊടുക്കാമെന്നു ഗിഫോർഡ് തീരുമാനിച്ചു. 140 ഇംഗ്ലീഷുകാരുടെ സംഘവുമായി ആറ്റിങ്ങലിലേയ്ക്ക് പുറപ്പെട്ടു. ഈ ബലപ്രകടനത്തിൽ സ്ഥലവാസികൾ കോപാകുലരായി. ഇത് മുൻകൂട്ടി അറിഞ്ഞ ബ്രിട്ടീഷ് വിരോധികൾ, ആറ്റിങ്ങൽ ഏലാപ്പുറത്തുവച്ച് ഒളിഞ്ഞിരുന്ന് ആ സംഘത്തെ ആക്രമിച്ചു. പിള്ളമാരുടെ നേതൃത്വത്തിൽ, മുക്കുവ കരുത്തരുടെ പിൻബലം കൂടി ഉണ്ടായിരുന്നു ഈ ആക്രമണത്തിന്. ആക്രമണത്തിൽ മുഴുവൻ ബ്രിട്ടീഷുകാരെയും കൊന്നു (1721 ഏപ്രിൽ 15). അനന്തരം ആക്രമണക്കാർ അഞ്ചുതെങ്ങിൽ ചെന്ന് കോട്ട വളഞ്ഞു. കോട്ടയ്ക്കുള്ളിൽ നിന്നും ആരെയും പുറത്തുവിട്ടില്ല. ബ്രിട്ടീഷുകാരുടെ പള്ളി അഗ്നിക്കിരയാക്കി. കോട്ട പ്രതിരോധിച്ചു. 

ആ ആക്രമണത്തിൽ ബ്രിട്ടീഷുകാർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. അതിനു പുറമെ നാട്ടുകാർ അഞ്ചുതെങ്ങ് കോട്ട മാസങ്ങളോളം ഉപയോഗിച്ച് അതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഉപരോധം ആറു മാസത്തോളം നീണ്ടു നിന്നു. തലശ്ശേരിയിൽ നിന്ന് ഇംഗ്ലീഷുകാരുടെ പോഷക സേന വന്നു ചേർന്നപ്പോഴാണ് അത് അവസാനിച്ചത്. 
കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം എന്ന നിലയിൽ ആറ്റിങ്ങൽ കലാപം പ്രാധാന്യമർഹിക്കുന്നു. കലാപത്തിൽ മനം പതറിയ ബ്രിട്ടീഷുകാർ റാണിയുമായി കർക്കശ കരാർ ഉണ്ടാക്കി. 

1722ൽ ഉണ്ടാക്കിയ ഈ ഉടമ്പടിയിൽ ആറ്റിങ്ങൽകലാപത്തിലെ നേതാക്കന്മാരെ ശിക്ഷിക്കാമെന്നും, കമ്പനിക്കുണ്ടായ എല്ലാ നഷ്ടങ്ങൾക്കും റാണി പരിഹാരം ചെയ്യാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. കുരുമുളക് കച്ചവടത്തിന്റെ കുത്തകയും, ഇഷ്ടമുള്ള ഇടത്തെല്ലാം വ്യവസായശാലകൾ സ്ഥാപിക്കാനുള്ള  അവകാശവും ഈ കരാർ മൂലം ഇംഗ്ലീഷുകാർക്കു ലഭിച്ചു.

#ഇംഗ്ലീഷുകാരും_തിരുവിതാംകൂറും_തമ്മിൽ_ചെയ്ത_ഉടമ്പടി (1723)
1723 ഏപ്രിലിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകോട് (തിരുവിതാംകൂർ) രാജാവും തമ്മിൽ ഔപചാരികമായി ഒരു ഉടമ്പടി ഉണ്ടാക്കി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ചെയ്ത ഉടമ്പടിയാണിത് എന്ന കാര്യം എടുത്തുപറയേണ്ടതായുണ്ട്. 

ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചിലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചൽ പ്രദേശത്ത് ഒരു കോട്ട കെട്ടികൊടുക്കാമെന്ന് ഏറ്റു. കോട്ടയ്ക്ക് വേണ്ട പീരങ്കികളും വെടിക്കോപ്പുകളും നൽകാമെന്ന് കമ്പനി സമ്മതിച്ചു. തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള സൗഹൃദത്തിന് അടിസ്ഥാനമുറപ്പിച്ച ഈ ഉടമ്പടിയിൽ ഇരുഭാഗക്കാരുടെയും പ്രതിനിധികളായി മാർത്താണ്ഡവർമ്മ യുവരാജാവും അഞ്ചുതെങ്ങിലെ കമാൻഡർ ഡോക്ടർ അലക്സാണ്ടർ ഓമും ഒപ്പുവച്ചു. പിള്ളമാരെയും മാടമ്പിമാരെയും അമർച്ച ചെയ്യുന്നതിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നുള്ള കമ്പനിയുടെ സന്നദ്ധത ഡോക്ടർ അലക്സാണ്ടർ ഓം 1723 ഓഗസ്റ്റിൽ രേഖാമൂലം രാജാവിനെ അറിയിച്ചു. 

1726 ൽ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാർക്ക് ഇടവായിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ സ്ഥലം കൊടുത്തു. ഇംഗ്ലീഷുകാരും തിരുവിതാംകൂറും തമ്മിലുള്ള സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ബന്ധം മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് വീണ്ടും വികസിച്ചു.

ആറ്റിങ്ങൽ റാണിയും, തിരുവിതാംകൂർ രാജാവും കൂടി കമ്പനിയുമായി ചെയ്ത കരാറനുസരിച്ച് കലാപത്തിന് കമ്പനിക്കുണ്ടായ നഷ്ടത്തിനു പരിഹാരമെന്നനിലയിൽ ചിറയിൻകീഴ് ദേശത്ത് അവരുടെ കൈവശമുണ്ടായിരുന്ന രണ്ട് തെങ്ങിൻതോപ്പുകളുടെ കരം ഒഴിവാക്കി കൊടുത്തതായി പ്രസ്താവിക്കുന്നു.

#ഉപസംഹാരം 
ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിൽ ആറ്റിങ്ങൽ കലാപത്തെ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു - എന്തെന്നാൽ കലാപം നടന്ന സമയത്ത് (1721 ൽ) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ മുഴുവനായി പിടിച്ചെടുത്തിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും, ആറ്റിങ്ങലിലെ ധീരദേശാഭിമാനികൾ നയിച്ച ഈ വിപ്ലവം, ഇന്ത്യൻ ചരിത്രത്തിൽ എറെ പ്രാധാന്യത്തോടെ വരുംതലമുറ പഠിക്കേണ്ട ഒരു സംഭവം തന്നെയാണ്.

Copied