കോൺഗ്രസ്സ് നു ജീവനുണ്ടോ??

April 16, 2023 Add Comment

ലോകസഭാ തെരഞ്ഞെടുപ്പ് വന്ന് വാതില്‍ മുട്ടിയിട്ടും കേരളത്തിലെ കോണ്‍ഗ്രസിന് ഇത് എന്ത് പറ്റി ?


ദേശിയ തലത്തില്‍ രൂപംകൊടുക്കുന്ന പരിപാടികള്‍ നടത്തിതീര്‍ക്കുന്ന വഴിപാടല്ലാതെ സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാന്‍ കെ.പി.സി.സിക്ക് ആകുന്നില്ല.

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുളള നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമസഭയില്‍ വലിയ ഒച്ചപ്പാടും സംഘര്‍ഷവും ഉണ്ടാക്കിയെങ്കിലും സഭ തീര്‍ന്നപ്പോള്‍ എല്ലാം തീര്‍ന്നു. സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ മാത്രമാണ് ബാക്കിയുളളത്.
ഏതാനം ജില്ലകളില്‍ നടന്ന സമര പരിപാടികള്‍ മാറ്റിനിര്‍ത്തിയാല്‍ സഭയ്ക്കകത്തെ പ്രതിഷേധം അതേപടി പുറത്തേക്ക് കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. സഭ പാസാക്കിയ ബില്ലുകളുടെ ചുവടുപിടിച്ച്‌ കെട്ടിട നികുതിയും നിര്‍മ്മാണത്തിനുളള പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടിയിട്ടും പ്രതിപക്ഷം അറിഞ്ഞമട്ടില്ല.

പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് മേല്‍ അധിക ഭാരം ചെലുത്തുന്ന നടപടികള്‍ക്കെതിരായ പ്രതിഷേധം ഒറ്റപ്പെട്ട പ്രസ്താവനകളിലും നേതാക്കളുടെ ടെലിവിഷന്‍ ബൈറ്റുകളിലും ഒതുങ്ങി. വൈദ്യുതി സര്‍ചാര്‍ജ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.

എല്ലാ സേവനങ്ങള്‍ക്കും ഒപ്പം വൈദ്യുതിനിരക്കും കൂട്ടുന്ന തീരുമാനം വന്നിട്ടും പ്രതിപക്ഷം ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അടുത്തിടെ വെളളക്കരം കൂട്ടിയപ്പോഴും പ്രതിപക്ഷത്തിന്റെ സമീപനം ഇതായിരുന്നു.

ലൈഫ് ഫ്‌ളാറ്റ് കമ്മീഷന്‍ കേസില്‍ ശിവശങ്കറിന് ജാമ്യം നിഷേധിച്ച്‌ കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ശിവശങ്കറിനും മുഖ്യമന്ത്രിയ്ക്കും ഇടയിലുളള ബന്ധത്തെപ്പറ്റിയും സസ്‌പെന്‍ഷന്‍ കഴിഞ്ഞ തിരിച്ച്‌ സര്‍വീസില്‍ പ്രവേശിച്ചശേഷം ലഭിച്ച പരിഗണനയെക്കുറിച്ചും ഗുരുതരമായ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

എന്നിട്ടും രാഷ്ട്രീയ മുന്നണി എന്ന നിലയില്‍ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ പോലും കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് ഓര്‍ക്കുമ്ബോഴാണ് എത്രത്തോളം ദയനീയമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമെന്ന് ബോധ്യമാകുക.

ഇതിലും ചെറിയ കോടതി പരാമര്‍ശങ്ങളില്‍ യു.ഡി.എഫ് മന്ത്രിമാരെ രാജിവെയ്പിച്ചവരാണ് ഇപ്പോള്‍ ഭരണത്തിലുളള എല്‍.ഡി.എഫ്.

ഒലവക്കോട് ഫോറസ്റ്റ് സ്‌ട്രോങ്ങ് റൂമില്‍ സൂ്ക്ഷിച്ചിരുന്ന ചന്ദന ഓയില്‍ കാണാതായെന്ന കേസില്‍ വനം മന്ത്രി ആയിരുന്ന കെ.പി. വിശ്വനാഥന്‍ രാജിവെയ്‌ക്കേണ്ടി വന്നത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കോടതി ഉത്തരവ് ലഭിച്ചപ്പോള്‍ പരാമര്‍ശം അത്ര ഗുരുതരമല്ലെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ അപ്പോഴേക്കും പ്രതിപക്ഷ ആവശ്യം കണക്കിലെടുത്ത് മന്ത്രി രാജിവെച്ചിരുന്നു. പിന്നീട് ഒരിക്കലും ആ പദവിയില്‍ തിരികെയെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇടതുസര്‍ക്കാരില്‍ ഇപ്പോള്‍ സീസണലാണ് രാജിയൊക്കെ. രാജി വയ്ക്കുന്നവര്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതേ പദവിയില്‍ തിരിച്ചെത്തുന്നു .

ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ യു.ഡി.എഫ് ഭരണത്തിലായിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു കേരളത്തിലെ അവസ്ഥ. സമരങ്ങളുടെ കാര്യത്തില്‍ എല്‍.ഡി.എഫിന്റെ തീവ്രമായ ശൈലി അതേപടി പകര്‍ത്തിയില്ലെങ്കിലും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാനുളള അവസരമെങ്കിലും പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫിന് കഴിയണം.

അതിന് സാധിക്കുന്നില്ലെങ്കില്‍ ചവിട്ടി നില്‍ക്കുന്ന രാഷ്ട്രീയ ഭൂമികയാകും ഒലിച്ചു പോകുക. ഒപ്പമുളള ജനവിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം നേതൃത്വത്തിന് ഉണ്ടാവണം.

ഇപ്പോള്‍ തന്നെ മു്‌സ്‌ളീം വിഭാഗത്തില്‍ ഐക്യമുന്നണിക്ക് പഴയ സ്വാധീനമില്ല. യു.ഡി.എഫിന്റെ പരമ്ബരാഗത വോട്ടു ബാങ്കായി കരുതിപ്പോരുന്ന ക്രൈസ്തവ വിഭാഗത്തിലും പഴയ സ്വാധീനമില്ല. ഇടത് സര്‍ക്കാരിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങും കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതും അടക്കം നിരവധി കാരണങ്ങള്‍ ഇതിനുണ്ട്.

എല്ലാത്തിനും പുറമേ ഇപ്പോള്‍ ബി.ജെ.പിയും ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് കളത്തിലുണ്ട്. ഇങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ കഴുത്തറ്റം എത്തിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് കുംഭകര്‍ണസേവ തുടരുകയാണ്. മുന്നണിയിലെ ആര്‍ എസ് പി പോലുളള ഘടകകക്ഷികള്‍ക്ക് ഈ പോക്കില്‍ കടുത്ത അതൃപ്തിയുണ്ട്.

പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കാതെ മുന്നോട്ടുപോയാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ആകില്ലെന്നാണ് ഘടകകക്ഷികള്‍ നല്‍കുന്ന മുന്നറിയിപ്പ്. പുന:സംഘടന നീളുന്നത് കാരണമാക്കിയാണ് ലോകസഭാ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ കെ.പി.സി.സി നേതൃത്വം നീട്ടിക്കൊണ്ടുപോകുന്നത്.

എന്നാല്‍ പ്രതിപക്ഷം എന്ന നിലയില്‍ ഏറ്റെടുക്കേണ്ട കടമകള്‍ നിര്‍വ്വഹിക്കുന്നതും കോണ്‍ഗ്രസിന്റെ പുനസംഘടനയും തമ്മിലെന്താണ് ബന്ധമെന്ന് ചോദച്ചാല്‍ നേതൃത്വത്തിന് ഉത്തരമില്ല. സ്വര്‍ണക്കടത്ത് അടക്കമുളള കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഉന്നതരിലേക്ക് എത്താത്തത് സി.പി.എം – ബി.ജെ.പി അന്തര്‍ധാരയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കാറുളളത്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അടിക്കാന്‍ കിട്ടിയ നിര്‍ണായക അവസരത്തില്‍ പോലും അത് ഉപയോഗിക്കാത്ത യു.ഡി.എഫിന് മേല്‍ ആരെങ്കിലും അതേ അന്തര്‍ധാര ആരോപിച്ചാല്‍ തടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്

ഗണപതി കല്യാണം പോലെ നീണ്ടുപോകുന്ന പുനസംഘടനയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലുമുളള കര്‍ത്തവ്യങ്ങള്‍ മറന്നാല്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും.

ഇടതുപക്ഷത്തിന്റെ പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ നാലയലത്ത് പോലും വരാവുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഒരുകാലത്തും യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.

ഇടത് ഭരണത്തിലെ വീഴ്ചകളും അതുമൂലം ഉണ്ടാകുന്ന ജനരോഷത്തിന്റെയും സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുടെയും ഗുണഭോക്താവായാണ് അഞ്ച് കൊല്ലത്തെ ഇടവേളയില്‍ യു.ഡി.എഫ് കേരളത്തില്‍ ഭരണം പിടിച്ചിട്ടുളളത്.

1996- 2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചത് പ്രതിപക്ഷ നേതാവായ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുളള പോരാട്ടമല്ല, മറിച്ച്‌ ആ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന പ്‌ളസ് ടു അഴിമതിയും സാമ്ബത്തിക പ്രതിസന്ധിയുമായിരുന്നു.

2006-11 ലെ വി.എസ് സര്‍ക്കാരിന് തിരിച്ചുവരാന്‍ കഴിയാതിരുന്നത് സി.പി.എമ്മിലെ വിഭാഗീയത മൂലമായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് പിന്നില്‍ പോയ സി.പി.എമ്മിന് അതിന് കഴിയാതിരുന്നത് മേധാവിത്വം ഉണ്ടായിരുന്ന മണലൂര്‍, പാറശാല തുടങ്ങിയ മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വി കാരണമാണ്.

പാര്‍ട്ടിയിലെ വിഭാഗീയത ഭരണത്തെയും ബാധിച്ചപ്പോള്‍ പലപ്പോഴും മന്ത്രിസഭാ യോഗങ്ങള്‍ പോലും പോര്‍ക്കളങ്ങളായി. ഇതെല്ലാം മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോള്‍ ജനങ്ങളിലുണ്ടായ അവമതിപ്പാണ് വി.എസ്. സര്‍ക്കാരിന്റെ തുടര്‍ച്ച തടഞ്ഞത്. അല്ലാതെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി നയിച്ച പ്രക്ഷോഭങ്ങളായിരുന്നില്ല.

ബജറ്റ് അവതരണത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ പ്രതികരണം പോലും നല്‍കാതെ ഉമ്മന്‍ ചാണ്ടി സ്ഥലംവിട്ട സംഭവങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷ ദൗത്യം ഏറ്റെടുത്ത മാധ്യമങ്ങളുടെ ചിറകിലേറിയാണ് അധികാരസോപാനം കയറിയത്.

സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നികുതി നിര്‍ദ്ദേശങ്ങളും ഇന്ധന സെസും എല്ലാം വന്നിട്ടും നിഷ്‌ക്രിയരായിരിക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷവും മാധ്യമ സഹായം കൊണ്ട് ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന വിശ്വസത്തിലാകണം.

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സീറ്റെണ്ണം പത്ത് കടക്കാനാകാതിരിക്കുകയോ ബിജെപി കേരളത്തില്‍ കടന്നുകയറ്റം നടത്തുകയോ ചെയ്‌താല്‍ പിന്നെ യു ഡി എഫ് സംവിധാനം തന്നെ ഉണ്ടാകുമോ എന്ന് സംശയമാണ്. ഉമ്മന്‍ ചാണ്ടി കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകുമോ ?

അതവിടെ നില്‍ക്കട്ടെ, അത് പ്രവചിക്കുന്നവര്‍ ഇപ്പോള്‍ തന്നെ ധാരാളമാണ്. അതിലും അപകടം വിഡി സതീശന്‍ കേരളത്തിലെ അവസാനത്തെ പ്രതിപക്ഷ നേതാവ് ആയിരിക്കുമോ എന്നതാണ്. ഇതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാവുന്നതല്ല കേരളത്തിലെ സാഹചര്യം, ഓര്‍ക്കുന്നത് നന്നായിരിക്കും.

അതുപോലെയാണ് ഇടത് ഭരണത്തെ നേരിടുന്ന പ്രതിപക്ഷത്തിന്റെയും അവസ്ഥ. വെറുതെയിരുന്നാല്‍ മതി, മാധ്യമ അണ്ണന്മാര്‍ സഹായിച്ച്‌ സെക്രട്ടേറിയേറ്റിലെത്തിക്കും എന്ന് ദിവാ സ്വപ്‌നവും കണ്ടിരിക്കുകയാണ് അവര്‍. സ്വപ്‌നം ഒക്കെ കാണുന്നത് നല്ലതാണ്,പക്ഷേ കുറഞ്ഞത് രമേശ് ചെന്നിത്തലയുടെ അനുഭവം എങ്കിലും ഓര്‍മ്മയില്‍ ഉണ്ടായാല്‍ നന്ന്.

- adv.അഖിൽ