പാഠപുസ്തകങ്ങളിൽ അദ്ദേഹം കരുണയുടെ ചക്രവർത്തിയാണ്. സ്മാരകങ്ങളിൽ അദ്ദേഹം ധർമ്മത്തിന്റെ ശില്പിയാണ്. രാഷ്ട്രീയത്തിൽ അദ്ദേഹം സമാധാനത്തിന്റെ പ്രതീകമാണ്. എന്നാൽ ചരിത്രം ഇത്ര വൃത്തിയുള്ള ഒന്നല്ല. അത് രക്തക്കറകൾ മറച്ചുവെച്ച ഒരു എഴുത്താണ്.
അശോകൻ ഒരു കെട്ടുകഥയല്ല. അതുപോലെ ഒരു സന്യാസരാജാവുമല്ല.
അദ്ദേഹം ക്രൂരതയും രാഷ്ട്രീയ കണക്കുകൂട്ടലും മതവും ചേർന്നുണ്ടായ ഒരു ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ ചിത്രം ബൗദ്ധ സാഹിത്യവും ആധുനിക രാഷ്ട്രീയവും ചേർന്ന് മിനുക്കിയതാണ്.
അശോകൻ സിംഹാസനത്തിലേക്ക് നടന്നുകയറിയതല്ല. അത് പിടിച്ചെടുത്തതാണ്.
ബിന്ദുസാരന്റെ മരണത്തിന് ശേഷം നിയമപരമായ കിരീടാവകാശി സുഷീമയായിരുന്നു. സുഷീമ തലസ്ഥാനത്ത് ഇല്ലാത്ത സമയത്താണ് അശോകൻ അധികാരം ഉറപ്പിച്ചത്. സുഷീമയെ തീക്കനലിൽ കത്തിച്ചുവെന്ന കഥ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ഇതാണ്: അധികാരം രക്തമൊഴിക്കാതെ അശോകന് കിട്ടിയില്ല.
ഇവിടെ അശോകൻ അസാധാരണമല്ല. അദ്ദേഹം രാജവംശ രാഷ്ട്രീയത്തിന്റെ സാധാരണ നിയമം മാത്രമാണ്.
99 സഹോദരന്മാർ: എണ്ണം സംശയാസ്പദം, സന്ദേശം വ്യക്തം
ബൗദ്ധ ഗ്രന്ഥങ്ങൾ പറയുന്നു: 99 അർദ്ധ സഹോദരന്മാർ കൊല്ലപ്പെട്ടു.
ഒരുപക്ഷേ 99 അല്ല; ഒരുപക്ഷേ കുറവായിരിക്കും, പക്ഷേ ഒരിക്കലും അത് പൂജ്യം ആയിരുന്നില്ല. രാജവംശ രാഷ്ട്രീയത്തിൽ, അധികാരം ഉറപ്പിച്ചാൽ എതിരാളികൾ ജീവിച്ചിരിക്കാറില്ല. അശോകൻ ഇതിൽ വ്യത്യസ്തനല്ല. പാഠപുസ്തകങ്ങൾ മറന്നത് ഇതാണ്.
ബൗദ്ധമതം: ആത്മീയ ഉണർവോ, കൃത്യമായ രാഷ്ട്രീയ നീക്കമോ?
ഇവിടെയാണ് കഥയുടെ ദിശ മാറുന്നത്. ബിന്ദുസാരനും അദ്ദേഹത്തിന്റെ മന്ത്രിമാരും അജീവിക വിശ്വാസികളായിരുന്നു. അജീവികരും ബൗദ്ധരും തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്നു. അശോകൻ അധികാരം പിടിച്ചെങ്കിലും, അത് ന്യായീകരിക്കാൻ ഒരു സാമൂഹിക അടിത്തറ ആവശ്യമായിരുന്നു. അന്നത്തെ ബൗദ്ധമതം ഒരു ആത്മീയ പ്രസ്ഥാനം മാത്രമല്ലായിരുന്നു. അത് സംഘടിതമായിരുന്നു, സാമ്പത്തികമായി ശക്തമായിരുന്നു, അന്തർദേശീയ സ്വാധീനം പോലും ഉണ്ടായിരുന്നു. ഒരു ഭരണാധികാരി ഇതെല്ലാം കാണാതെ പോയി എന്ന് പറയുന്നത് ചരിത്രത്തെ അപമാനിക്കുന്നതാണ്. ഇവിടെ നടന്നത് ഒരു ബോധോദയം മാത്രമല്ല. അത് ഒരു സമയോചിതമായ സഖ്യമായിരുന്നു.
രാജാവിന് ധാർമ്മിക മുഖം, സന്യാസിമാർക്ക് രാജകീയ സംരക്ഷണം.
ക്രൂരതകളുടെ കഥകൾ: എല്ലാം സത്യമല്ല, എല്ലാം കള്ളവും അല്ല
അശോകന്റെ നരകക്കൊട്ടാരം, ഇരുമ്പുകമ്പികൾ, ഉരുക്കിയ ചെമ്പ്, പതിനെട്ടായിരം അജീവികരുടെ കൂട്ടക്കൊല, ഈ കഥകൾ ഞെട്ടിക്കും, പക്ഷേ ചരിത്രം ഞെട്ടലല്ല ചോദിക്കുന്നത്, തെളിവാണ്.
ഇവയിൽ പലതും ബൗദ്ധ സാഹിത്യത്തിൽ മാത്രമേ ഉള്ളൂ. അശോകന്റെ ശിലാലിഖിതങ്ങളിൽ അവ ഇല്ല. അതിനർത്ഥം: ക്രൂരതകൾ ഉണ്ടായിരിക്കാം. പക്ഷേ അവയുടെ രൂപവും വലുപ്പവും സാഹിത്യത്തിലൂടെ വളർത്തപ്പെട്ടതാണ്.
ബൗദ്ധ സന്യാസിമാർ വെറും പാവങ്ങളായിരുന്നില്ല, അവർ നല്ല എഴുത്തുകാരായിരുന്നു, അധികാരത്തിന്റെ സംരക്ഷണം കിട്ടിയ എഴുത്തുകാർ ചരിത്രം സ്വന്തം ഭാഷയിൽ എഴുതും. എക്കാലവും അതങ്ങനെ തന്നെ ആണല്ലോ !
ധർമ്മ മഹാമാത്രരെ “മത പൊലീസ്” എന്ന് വിളിക്കുന്നത് ഇന്നത്തെ കോപത്തിന്റെ ഭാഷയാണ്. അവർ നിരീക്ഷകരായിരുന്നു, നിയന്ത്രകരല്ല. അവർ അധികാരത്തിന്റെ നീളം തന്നെയായിരുന്നു, പക്ഷേ ഇന്നത്തെ ഉപമകൾ അതിനോട് നീതിയുള്ളതല്ല. ചരിത്ര രേഖകൾ പ്രകാരം അവർ: സാമൂഹ്യനീതി, തടവുകാരുടെ ക്ഷേമം, മതസഹിഷ്ണുത എന്നിവയ്ക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരായിരുന്നു.
👉 സൗദി മാതൃകയിലെ മത പൊലീസ് എന്ന താരതമ്യം ചരിത്രപരമായി നിലനിൽക്കില്ല.
ഇത് അശോകനെ വെളുപ്പിക്കുന്നില്ല. പക്ഷേ ചരിത്രത്തെ കൃത്രിമമായി കുറ്റപ്പെടുത്തുന്നതും ശരിയല്ല.
കലിംഗ യുദ്ധം അശോകനെ മാറ്റി എന്നത് അദ്ദേഹം തന്നെ സമ്മതിച്ച വസ്തുത ആണ്, പക്ഷേ മാറ്റം സാമ്രാജ്യം ഉപേക്ഷിക്കുന്നതുവരെ എത്തിയില്ല.
അശോകൻ യുദ്ധത്തിന്റെ വില തിരിച്ചറിഞ്ഞു. എന്നാൽ അധികാരം കൈവിട്ടില്ല. അദ്ദേഹം സന്യാസിയായില്ല. അദ്ദേഹം രാഷ്ട്രീയക്കാരനായി തുടർന്നു.
ആധുനിക ഇന്ത്യ: അശോകൻ എങ്ങനെ ഒരു ഐക്കണായി
കാലം കഴിഞ്ഞപ്പോൾ അശോകൻ വീണ്ടും കണ്ടെത്തപ്പെട്ടു. ബ്രിട്ടീഷുകാർ അശോകനെ “ധാർമ്മിക സാമ്രാജ്യ” മാതൃകയായി അവതരിപ്പിച്ചു, ബ്രിട്ടീഷുകാർക്ക് അദ്ദേഹം ഒരു മാതൃകാ രാജാവ്. സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് അദ്ദേഹം സെക്യുലറിസത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നം. ഇവിടെ കള്ളം പറഞ്ഞില്ല. പക്ഷേ അസൗകര്യകരമായ ഭാഗങ്ങൾ മൗനം പാലിച്ചു.
കോണ്ഗ്രസ്സ് സർക്കാറുകൾ അശോകനെ സൃഷ്ടിച്ചില്ല. അവർ അദ്ദേഹത്തെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചു.
അങ്ങനെ അശോകൻ ഒരു മനുഷ്യനിൽ നിന്ന് ഒരു പോസ്റ്ററായി മാറി.
ചരിത്രം ആരാധനയ്ക്കുള്ളതല്ല. അത് വായനയ്ക്കും വിമർശനത്തിനും വേണ്ടിയാണ്.
ഈ എഴുത്തിന് കാരണം ആയത് താഴെ കാണുന്ന ഒരു ഫേസ്ബുക്ക് പ്രചരണം ആണ് ..
-Adv. Akhil JK-
ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ കള്ളങ്ങളിൽ ഒന്നാണ് അശോകൻ. ടിപ്പുവിന്റെ അത്ര വരില്ല എങ്കിലും തീരെ മോശമായിരുന്നില്ല അശോകനും. ബിന്ദുസാരന്റെ ശേഷം കിരീട അവകാശി സുഷീമ ആയിരുന്നു. യുവരാജാവ് സുഷിമ രാജ്യത്തിന് പുറത്ത് ആയ സമയത്ത് ബിന്ദുസരൻ മരിച്ചു. ഇത് ഒരു അവസരമായി കണ്ട അശോകൻ തലസ്ഥാനമായ പാടലിപുത്രത്തിൽ എത്തി, അവിടം പിടിച്ചെടുക്കാൻ വേണ്ട വ്യവസ്ഥകൾ ചെയ്തു. ഇത് ഗ്രീക്ക് പടയാളികളുടെ സഹായത്തോടെ ആണ് എന്ന് രേഖകൾ പറയുന്നു. സുഷിമ എത്തും മുൻപ് അയാൾ കടന്നു വരേണ്ട ഗേറ്റിൽ തീക്കനൽ ഒരുക്കി മുകൾ വശം മണ്ണിട്ട് മൂടി കാത്തിരുന്നു. ആ തീയിൽ സുഷീമയെ അശോകൻ കത്തിച്ചു കൊന്ന് രാജ്യം പിടിച്ചു. രാജ്യഭരണത്തിന് പിന്നാലെ തന്റെ 99 അർദ്ധ സഹോദരന്മാരെയും അശോകൻ കൊന്നു എന്ന് മഹാവംശയും ദീപ വംശയും പറയുന്നു. അങ്ങനെ അധികാരം പിടിച്ച അശോകന് പക്ഷെ ബിന്ദുസാരന്റെ മന്ത്രിമാരിൽ നിന്നും സഭയിലെ അംഗങ്ങളിൽ നിന്നും എതിർപ്പ് നേരിടേണ്ടിവന്നു. അതിനുള്ള ഉത്തരവും അശോകന്റെ കയ്യിൽ ഉണ്ടായിരുന്നു. അങ്ങനെയുള്ള 500 പേരെ അശോകൻ സ്വയം വാളെടുത്ത് വെട്ടി കൊന്നു. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അശോകനെ ഭരണാധികാരി ആയി അംഗീകരിക്കാൻ ആരും തയ്യാറല്ലായിരുന്നു. ബിന്ദുസാരനും മന്ത്രിമാരും ഒക്കെ “അജീവിക” എന്ന ബുദ്ധ - ജൈന മതങ്ങൾക്ക് സമാന്തരമായി ഉയർന്നു വന്ന മത വിശ്വാസിയായിരുന്നു. അവരും ബൗദ്ധരും ഈ സമയത്ത് പരസ്പരം കടുത്ത സംഘടനങ്ങളിൽ ഏർപ്പെട്ടിരിക്കയായിരുന്നു. ഇത് ഒരു അവസരമായി കണ്ട അശോകൻ ബുദ്ധമതം സ്വീകരിച്ചു; രാജ്യം ബുദ്ധ രാജ്യമാക്കി. ഇതോടെ പണക്കാരായ ബുദ്ധ വൈശ്യർ കൂടെ ആയി. ഗീബൽസിയൻ പ്രോപഗണ്ട തന്നെ ആദ്യം കണ്ടുപിടിച്ചത് ബുദ്ധ സന്യാസിമാരാണ്. അവർ അതോടെ അശോകനെ എഴുതി വെളുപ്പിക്കാൻ തുടങ്ങി(ഈ വെളുപ്പിക്കലിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ ഒക്കെ എഴുതി വച്ചതും). അശോകൻ ഒരു ദയയും ഇല്ലാതെ ശത്രുക്കളെ നേരിട്ടു. പീഡിപ്പിക്കാൻ വേണ്ടി ഒരു കൊട്ടാരം തന്നെ കെട്ടി അശോകൻ. സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊന്ന ഗിരിക എന്നൊരുത്തനെ ഇത് ഏൽപ്പിച്ചു(റഫറൻസ് 1). കയ്യിലും കാലിലും പിന്നെ ഹൃദയത്തിലും ഇരുമ്പ് കമ്പികൾ കുത്തി കയറ്റുക, വായിൽ ഉരുക്കിയ ചെമ്പ് ഒഴിക്കുക, ഒരു വലിയ അരകല്ലിൽ ഇട്ട് അരയ്ക്കുക തുടങ്ങിയ രീതിയിലുള്ള പീഡനങ്ങൾ ആയിരുന്നു മഹാനായ അശോകന്റെ ഹോബി.ചരിത്രത്തിലെ ആദ്യ “മത പൊലീസ്” തുടങ്ങിയത് സൗദി അറേബ്യ ഒന്നും അല്ല. അശോകനാണ്. ബുദ്ധ നിയമങ്ങൾ ആളുകൾ അനുസരിക്കുന്നോ എന്ന് അറിയാൻ “ധർമ്മ മഹാമത്ര” എന്ന മത പൊലീസ് തുടങ്ങി. സമാജ എന്നറിയപ്പെട്ടിരുന്ന മേളകൾ നിരോധിച്ചു, അങ്ങനെ ഇരിക്കെ പുണ്ഡ്രവർദ്ധന എന്ന സ്ഥലത്ത്(ബംഗാൾ) ഒരു അജീവകൻ ഒരു ചിത്രം വരച്ചു, ബുദ്ധൻ അജീവകരുടെ ആചാര്യനായ ഗോശാലന്റെ കാൽചുവട്ടിൽ ഇരിക്കുന്ന ചിത്രം. ഇതിൽ ക്ഷോഭിച്ച അശോകൻ മുഴുവൻ അജീവകൻമാരെയും കൊല്ലാൻ ഉത്തരവിട്ടു. അന്ന് ഒരു ദിവസം 18000 അജീവകരെ കൊന്നു എന്ന് ബുദ്ധ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഇതിന് സമാനമായ സംഭവം ജൈനൻമാരോടും അശോകൻ ചെയ്തു. അവരുടെ തല വെട്ടി കൊണ്ട് വരുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്തു. എന്തായാലും അബദ്ധത്തിൽ അശോകന്റെ ബാക്കിയുള്ള ഒരു സഹോദരൻ ഇങ്ങനെ കൊല്ലപ്പെടുകയും അയാൾ അത് നിർത്തുകയും ചെയ്തു. കലിംഗ യുദ്ധത്തിലേക്ക് വന്നാൽ ബുദ്ധമതക്കാരനായി വർഷങ്ങൾ കഴിഞ്ഞാണ് കലിംഗയുദ്ധം തുടങ്ങുന്നത് തന്നെ. അതായത് ലക്ഷക്കണക്കിന് ആളുകളെ കലിംഗത്തിൽ കൊന്നൊടുക്കിയ ബൗദ്ധനായ അശോകനാണ്. ഇതോടെ മാനസാന്തരം വന്നു എന്നതും തെറ്റാണ്. അങ്ങനെ എന്തെങ്കിലും രീതിയിൽ ക്ഷമാപണം അശോകൻ നടത്തിയതായി യാതൊരു തെളിവും ഇല്ല. മാത്രവുമല്ല അശോകൻ സൈന്യത്തെ തുടർന്നും നിലനിർത്തി. പക്ഷേ അശോകന് വേണ്ടി ബുദ്ധ സന്യാസിമാർ നല്ല പണി എടുത്തു; അവർ പറ്റുന്ന ഇടങ്ങളിൽ ഒക്കെ അശോകനെ വെളുപ്പിച്ച സ്തൂപങ്ങൾ സ്ഥാപിച്ചു. ഇനി ആധുനിക കാലഘട്ടത്തിലേക്ക് വന്നാൽ ബ്രിട്ടീഷുകാർ അധികാരത്തിൽ വരുമ്പോഴേക്കും ഹിന്ദുക്കൾ തിരികെ അധികാരം പിടിച്ചിരുന്നു; അശോകനെ ആരും ഓർക്കാതെയായി. പക്ഷേ സമാധാനത്തിന് വേണ്ടി ബുദ്ധമതം സ്വീകരിച്ച അശോകൻ ബ്രിട്ടീഷുകാർക്ക് നല്ല ഒരു ഐഡിയ ആയി തോന്നി. പിന്നാലെ സ്വാതന്ത്ര്യത്തിന് ശേഷം അശോകന്റെ യഥാർഥ ചരിത്രം അറിയാത്ത നെഹ്റു അടക്കം പലരും ചേർന്ന് അശോകനെ ഹീറോ ആക്കി! അതേ അശോകനും ഒരു ചെറിയ ടിപ്പു ആയിരുന്നു. ചന്ദ്ര ഗുപ്ത മൗര്യനോ ബിന്ദുസരനോ ഒക്കെ യുദ്ധവും ക്രൂരതകളും ചെയ്തിട്ടുണ്ട്, പക്ഷേ അവരാരും മത വെറി പൂണ്ട് കൊന്നൊടുക്കിയിട്ടില്ല. അതേ, ബുദ്ധ സന്യാസിമാർ പാവങ്ങൾ ആയിരുന്നു എന്നോ മറ്റോ ആണ് നിങ്ങൾ പഠിച്ചത് എങ്കിൽ, അശോകൻ മഹാനാണ് എന്നാണ് പഠിച്ചത് എങ്കിൽ, അത് വെറും പ്രോപഗണ്ട ആണ്.
1. Teresa Miążek University of Wrocław ORCID 0000-0002-3946-3841 The Legend of Ashoka’s Hell and References to the Torture Chamber of the Mauryan Emperor in Ajñeya’s Play Uttar Priyadarśī