ഓട്ടോഗ്രാഫ് ഓർമ്മകൾ

December 16, 2021 Add Comment
ഓട്ടോഗ്രാഫ്...
അന്ന് അതൊരു വികാരമായിരുന്നു....
പുതിയ ജനറേഷനിൽ ഉള്ളവർക്ക് ഞാനീ പറയുന്ന കാര്യം ഒരു പക്ഷേ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല..
പത്താം ക്ലാസ്സിൽ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ഓട്ടോ ഗ്രാഫ് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു...
അന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കളും സഹപാഠികളും എഴുതിത്തന്ന വരികൾ ഇപ്പോൾ വായിക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് പോലും അറിയുന്നില്ല...
എന്തായാലും ഒരു കാര്യം ഉറപ്പ്...
അന്നത്തെ ആ കുറിപ്പുകൾ ഇപ്പോൾ വായിക്കുമ്പോൾ ഒരു നെടുവീർപ്പ് അറിയാതെ നമ്മളിൽ നിന്നും ഉണ്ടാകും..

കൊക്കിനെന്തിന് കോൾഗേറ്റ്,
കാക്കക്കെന്തിന് കരിമഷി,
തത്തക്കെന്തിന് ലിപ്സ്റ്റിക്ക്,
ജോർജുകുട്ടിക്ക് എന്തിനു ഓട്ടോഗ്രാഫ്....

ആഹാ..
വയലാർ എഴുതുമോ ഇതുപോലെ...???

കാലം മാറും,
കോലം മാറും,
നീ എന്നെ മറന്നാലും,
നിന്നെ ഞാന്‍ മറക്കില്ല..
എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയി.... 

ഭാവി ജീവിതം ഭാസുരമാക്കാൻ ഭർത്താവിനെ ഭരണിയിയിൽ ആക്കുക...
 എന്ന് പറഞ്ഞവൾ ഇപ്പഴും കെട്ടിയിട്ടില്ല എന്നോർക്കുമ്പോളാണ് മനസ്സിനൊരു സമാധാനം.... 

പാടത്തെ കിളിയെ സ്നേഹിച്ചാലും, പറമ്പിലെ കിളിയെ സ്നേഹിച്ചാലും, ബസിലെ കിളിയെ സ്നേഹിക്കല്ലേ,
എന്നെഴുതിയവളിപ്പോ  ബസിലെ കിളിയുടെ പിള്ളേരുടെ അമ്മയാണ്.... 

വിശാല മനസ്സേ,
വിരോധമരുതേ,
വിധിയുണ്ടെങ്കിൽ വീണ്ടും കാണാം,
എന്ന് എഴുതിയവന് പിന്നെ എന്നെ കാണാൻ വിധിയുണ്ടായില്ല എന്നത് പച്ച പരമാർത്ഥം.... 

അനന്തമായ നീലാകാശത്ത്,
മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ, നാം തമ്മിലുള്ള സ്നേഹബന്ധം അകലാതിരിക്കട്ടെ..
എന്നെഴുതിയവളെ നേരിട്ട് കണ്ടിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു... 

B.A മറന്നാലും,
M.A മറന്നാലും,
N.A(എന്നെ) മറക്കരുത്... എന്നെഴുതിയവന്റെ പേരല്ലാതെ അവന്റെ മുഖം പോലും ഞാനിപ്പോ ഓർക്കുന്നില്ലല്ലോ ഈശ്വരാ....!!!
ഇനിയിപ്പോൾ അവനെങ്ങാനും എന്റെ മുന്നിൽ വന്നു നിന്നു ഞാൻ നിന്റെ പഴയ കൂട്ടുകാരനാടാ എന്ന് പറഞ്ഞാൽ ചിലപ്പോഴെന്റെ ഓർമ്മശക്തി  തിരിച്ചു കിട്ടിയേക്കാം....
ചിലപ്പോൾ മാത്രം.... 

വർഷങ്ങൾ കഴിഞ്ഞാലും,
വൃക്ഷങ്ങൾ കൊഴിഞ്ഞാലും,
നീ എന്നെ മറന്നാലും,
ഞാൻ നിന്നെ മറക്കില്ല...
എന്ന് നടുപേജിൽ  ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയവളെ..
നീയിപ്പോൾ എവിടെയാണ്....??? 

പഠിച്ചു പഠിച്ചു നീ ഡോക്ടറായാൽ,
പനിച്ചു പനിച്ചു ഞാൻ വരുമ്പോൾ,
ഫീസ് വാങ്ങാൻ മറക്കല്ലേ സോദരി...
ഞാൻ അന്ന് അങ്ങിനെ പറഞ്ഞത് കൊണ്ട് മാത്രം അവൾ പഠിച്ച് ഡോക്ടറായി.
ഞാൻ പനിയും പിടിച്ചിവിടെ വീടിന്റെ ഉമ്മറത്തിണ്ണയിൽ ചുക്ക് കാപ്പിയും കുടിച്ച് വെയിലിനെയും നോക്കിയിരിക്കുന്നു...
ഹാ യോഗമില്ലുണ്ണിയെ.... 

ശാസ്ത്രം മുന്നോട്ട്,
മൂത്രം താഴോട്ട്,
നീ എങ്ങോട്ട്...???
ഓട്ടോഗ്രാഫിൽ ആരെങ്കിലും ഇങ്ങനെയൊക്കെ എഴുതുമോ...???
പക്ഷേ..
അങ്ങിനെയും എഴുതിക്കണ്ടു...

എന്റെ കരളിന്റെ കരളായ കുളിരെ,
വരൂ നമുക്ക് ചരലിൽ കിടന്നുരുളാം..
എന്ന് ഓട്ടോഗ്രാഫിൽ എഴുതികൊടുത്തവനെ അന്വേഷിച്ച് പെൺകുട്ടിയുടെ ആങ്ങളമാർ സ്കൂളിൽ വന്നിരുന്നു... 

W. C(വെഡിങ് കാർഡ് )അയക്കാൻ മറന്നാലും,
D. C(ഡെത്ത് കാർഡ് )അയക്കാൻ മറക്കരുത്..
എന്നെഴുതിവനെ കല്യാണം വിളിച്ചിട്ട് പോലും അവൻ വന്നില്ല.
ഇനി ഞാൻ ചാകുമ്പോ വരാൻ എന്റെ ഡെത്ത് കാർഡും നോക്കി ഇരിക്കുകയായിരിക്കും...
ബ്ലഡി ഗ്രാമവാസി... 

നമ്മൾ ദൂരെ ദൂരെ ഒരു ദിക്കിലേക്കുള്ള യാത്രയിലാണ്.അതിനിടയിൽ ഒന്ന് വിശ്രമിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ കൂടിയിട്ടുള്ളത്.ഈ യാത്രയുടെ അവസാനം എന്താകുമെന്ന്‌ അറിയില്ല സഹോദരാ...
ആഹാ..
ഈ ഫിലോസഫി എഴുതിയവനെ വർഷങ്ങൾക്ക് ശേഷം അവനെ നെടുമ്പാശ്ശേരിയിൽ വെച്ച് കണ്ടു....
അവനിപ്പോഴും യാത്രയിലാണ്.. 

മറവി മരുന്ന് ആക്കി മാറ്റിയാലും,
മായ സ്വപ്നങ്ങളിൽ മയങ്ങിയാലും, മരിക്കാത്ത ഓർമകളെന്നും മനസിന്റെ  താളം തകർക്കും...
ഇതെഴുതിയ ആളെ  ഓർമ്മയിലില്ലെങ്കിലും അവരെഴുതിയത് സത്യമാണെന്ന് പലപ്പഴും എനിക്ക് തോന്നിയിട്ടുണ്ട്... 

പത്തിലെ ഓട്ടോ ഗ്രാഫൊക്കെ കയ്യിൽ ഉണ്ടെങ്കിൽ ഇടക്കൊക്കെ അതൊന്നു മറിച്ചു നോക്കണം.
ഓർമ്മകളുടെ ആ താളുകൾ മറിക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മുഖത്തുമൊരു പുഞ്ചിരി വിരിയും.
ചിലരൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ  വായിച്ചു നോക്കുമ്പോൾ ചിരിച്ചു ചിരിച്ചൊരു വഴിക്കാകും. 

ടാബും,മൊബൈലും,ലാപ്ടോപ്പുമൊക്കയായി നടക്കുന്ന ഇപ്പഴത്തെ പിള്ളേർക്കറിയുമോ ഓട്ടോഗ്രാഫ്  എഴുതിക്കാൻ ക്ലാസ്സുകൾ  തോറും കയറിയിറങ്ങി നടന്ന പണ്ടത്തെ പത്താം ക്ലാസ്സ്‌  പിള്ളേരുടെ മനസ്സിന്റെ വെപ്രാളം... 

ഹാ...
അതൊക്കെ ഒരു കാലം...
ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം....😍

തെരുവിന്റെ കണ്ണ്

November 18, 2021 Add Comment

“ഇവൾ കള്ളിയാണ് പെരുങ്കള്ളി. രാത്രിയിൽ വ്യ-ഭിചാരോം’ ‘

“വിടരുതവളെ. കൊച്ചുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവൾ . ആർക്കറിയാം ഈ കൊച്ച് അവളുടേതാണോ എന്ന്.’

“അതു പിന്നെ കൊച്ചിന്റെ നിറം കണ്ടാലറിയാന്മേലെ?”


ആരുടെയൊക്കെയോ ശബ്ദം കാതിൽ മുഴങ്ങുന്നു. ഞൊടിയിടയിൽ അവിടവിടെ നിന്നവരെല്ലാം ഓടിക്കൂടി. ആരുടെയോ കൈ തന്റെ കവിളിൽ പതിഞ്ഞു ബിസ്ക്കറ്റു ഭരണിയിൽ കയ്യിട്ട തന്റെ കൈ പിടിച്ചു തിരിച്ചതാരാണ്? കിട്ടിയ അവസരത്തിനു സ്ത്രീകൾ പോലും തന്റെ മേൽ കൈ വെച്ചു. ഒരു കുഞ്ഞു കയ്യിലിരുന്നിട്ടു പോലും കണ്ണിൽ ചോ-രയില്ലാത്ത വർഗ്ഗം.

കളളിയാണു പോലും ! കള്ളി. എന്തിനാണിങ്ങനെ ജീവിക്കുന്നത്? തെരുവിന്റെ സന്തതിയായി ജനിച്ചു പോയത് തന്റെ കുറ്റമാണോ? തന്റെ ജീവന്റെ പാതിയായ ഈ കുഞ്ഞില്ലായിരുന്നെങ്കിൽ താനെന്നേ ജീവനൊടുക്കുമായിരുന്നു. കയ്യിൽ കാൽ പൈസയില്ല. വല്ലവരുടെയും മുമ്പിൽ കൈ നീട്ടിയാലോ. തരുകേലെന്നു മാത്രമല്ല വല്ലാത്ത നോട്ടവും . താൻ വ്യഭിചാരിണിയല്ലെന്നും തനിക്കൊരു ഭർത്താവ് ഉണ്ടായിരുന്നുവെന്നും പറയണമെന്നു തോന്നി.

തെരുവോരങ്ങളിൽ സർക്കസ് കളിച്ചു ജീവിക്കുന്നവരായിരുന്നു അവളും അയാളും. അല്ലലില്ലാതെ സന്തോഷമായി കഴിഞ്ഞ നാളുകൾ. വാടകയ്ക് ഒരു ഒറ്റമുറി വീട്. അവരെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗമായിരുന്നു അവിടം.

അങ്ങിനെയിരിക്കെയാണ് വിധി അവൾക്കെതിരായത്. തന്റെ ചുമലിൽ ഉയർത്തിയ മുളന്തണ്ടിൽ പിടിച്ചു കയറുന്ന ഭർത്താവ് പെട്ടെന്ന് ബാലൻസ് തെറ്റി നിലത്തു വീണു. തല പൊട്ടി രക്തം വാർന്നാണ് മരിച്ചത്. ഒന്നര വയസ്സായ കുഞ്ഞിനെയും കൊണ്ട് താനിനി എന്തു ചെയ്യാൻ? പിന്നീടുള്ള ദിവസങ്ങളിൽ തെരുവിന്റെ കണ്ണിൽപ്പെടാതെയിരിക്കാൻ താനെന്തു പാടുപെട്ടു. ഒറ്റമുറി വീടിന്റെ ഉടമസ്ഥൻ തങ്ങളെ അവിടെ നിന്നിറക്കിവിട്ടു..

കുഞ്ഞിന്റെ വിശപ്പു കണ്ട് സഹിക്കാൻ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന തുട്ടുകളെല്ലാം തീർന്നു. പല കടകളുടെയും മുമ്പിൽ പോയി കൈ നീട്ടി. ആരും കനിയുന്ന ലക്ഷണമില്ല. അവസാനമാണിവിടെ വന്നത്. കടയുടമ തന്നില്ലെന്നു മാത്രമല്ല അശ്ലീലം കലർന്ന നോട്ടവും. ഭരണികളിലിരിക്കുന്ന പലഹാരങ്ങളിലേക്ക് തന്റെ കുഞ്ഞ് കണ്ണിമവെട്ടാതെ നോക്കുന്നതു കണ്ടപ്പോഴാണ് താനാ സാഹസത്തിനൊരുങ്ങിയത്. അയാൾ ഉടനെ പിടിക്കുകയും ചെയ്തു. ഇനി മേലാൽ ഇതാവർത്തിക്കരുത് എന്നു പറഞ്ഞാണ് അയാൾ തന്റെ കൈ പിടിച്ചു തിരിച്ചത്.

ഇപ്പോഴും കൈയുടെ വേദന മാറിയിട്ടില്ല.. അന്നു മുഴുവൻ പൈപ്പിലെ വെള്ളമായിരുന്നു തന്റെ ജീവൻ നിലനിർത്തിയത്. കിട്ടിയ ചില്ലറകൾക്ക് കുഞ്ഞിനുള്ള ആഹാരം വാങ്ങിക്കൊടുത്തു. തന്റെ കാര്യം സമാധാനമുണ്ട്. ഭർത്താവുണ്ടായിരുന്നപ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു. പെൺകുഞ്ഞായതു കൊണ്ട് കൂടുതൽ ശ്രദ്ധയോടെ വളർത്തണമെന്നു വിചാരിച്ചു. തെരുവിൽ ജനിച്ചുവെങ്കിലും തെരുവിന്റെ കണ്ണുകൾ അവളുടെ മേൽ പതിയരുതെന്നാഗ്രഹിച്ചു. ഇനിയതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? തന്നെപ്പോലെ തന്നെ അവളും ഭാവിയിൽ ഈ തെരുവിന്റെ സന്തതിയാകും. ഓർത്തപ്പോൾ സങ്കടം സഹിക്കാനായില്ല.

രാത്രിയിൽ ചില കാപാലികന്മാർ ചുറ്റിപ്പറ്റി നടക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് താനിന്നീ ഭ്രാന്തിയുടെ കുപ്പായം അണിഞ്ഞത്. സമനില തെറ്റിയവളോട് അടുക്കാൻ ആരും ഒന്നു പേടിക്കുമല്ലോ. പിച്ചും പേയും പറഞ്ഞും പൊട്ടിച്ചിരിച്ചും അർത്ഥമില്ലാത്ത പാട്ടുകൾ പാടിയും ചിലപ്പോൾ പൊട്ടിക്കരഞ്ഞും താനൊരു മുഴുഭ്രാന്തിയുടെ രൂപഭാവം ഉൾക്കൊണ്ടു . ക്രമേണ തന്നെ എല്ലാവരും പേടിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ദയനീയ മുഖം കണ്ടിട്ടായിരിക്കാം ചിലർ ചില്ലറത്തുട്ടുകൾ എറിഞ്ഞു തന്നു. പഠിക്കാൻ പോകുന്ന ചില കുട്ടികൾ ഭക്ഷണപ്പൊതികളൊക്കെ സ്വല്പം അകലെ വച്ചിട്ട് പോകും. ഭ്രാന്തിയുടെ അടുത്തേക്കാരും വരികയില്ലല്ലോ. എന്നിട്ടും ചില കശ്മലന്മാർ രാത്രികാലങ്ങളിൽ തന്നെ സമീപിക്കാറുണ്ട്.

ഉറങ്ങിപ്പോയ ഒരു രാത്രിയിൽ തന്റെ ശരീരത്തിലൂടെ ആരുടെയോ കൈ ഇഴയുന്നതു പോലെ തോന്നിയിട്ടാണ് ഞെട്ടിയെണീറ്റത്.

“ആരെക്കാണിക്കാനാടി നീ ഇതെല്ലാം മൂടി വച്ചോണ്ടിരിക്കുന്നത് ?” അയാൾ തന്റെ പിഞ്ചിത്തുടങ്ങിയ സാരിയിൽ പിടിച്ചു വലിച്ചു.

പെട്ടെന്ന് സർവ്വ ശക്തിയുമെടുത്ത് ഒരു തള്ളു വച്ചു കൊടുത്തു. ഭ്രാന്തഭിനയിച്ച് ഉറക്കെ പാട്ടുപാടി , പൊട്ടിച്ചിരിച്ചു. അങ്ങനെ അയാൾ പോയി.

അന്നു തന്നെ പാതിരാത്രിയായപ്പോഴാണ് അയാൾ വന്നത്.

“നിനക്ക് മനസ്സുണ്ടെങ്കിൽ അതിനെയും എടുത്തോണ്ട് എന്റെ കൂടെ വാ”

അയാളുടെ കാർക്കശ്യമുള്ള ശബ്ദം കേട്ടപ്പോൾ ഞെട്ടിയെണീറ്റു.

“എനിക്കു ഭ്രാന്താണ്”

അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“നിനക്കു ഭ്രാന്തോ?”

അയാൾ പൊട്ടിച്ചിരിച്ചു.

” വെളച്ചിലുകാണിക്കാതെടീ. വെറുതെ എന്റെ കൈ മെനക്കെടുത്താതെ വാടി”

എന്താന്നറിയില്ല കെട്ടും ഭാണ്ഡവും കുഞ്ഞിനെയുമായി യാന്ത്രികമായി അയാളുടെ പിന്നാലെ നടന്നു. പുറമെ പരുക്കനാണെങ്കിലും പേടിക്കേണ്ടതില്ലെന്നു തോന്നി. എത്ര ദിവസമാണെന്നു വച്ചാ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ? തണുപ്പിൽ വിറച്ചു കിടന്നുറങ്ങുന്ന തന്റെ കുഞ്ഞിന് ആശ്വാസം കിട്ടട്ടെ.

അയാളുടെ വീട്ടിൽ അയാളുടെ. പ്രായമായ അമ്മയും ഉണ്ടായിരുന്നു. അയാൾക്കു തന്നെ തന്റെ അച്ഛനാകാൻ പ്രായം കാണും . തന്റെ മകന്റെയൊപ്പം ഒരു പെണ്ണിനെയും കുഞ്ഞിനെയും കണ്ടപ്പോൾ ആ വൃദ്ധമനസ്സ് ഒന്നങ്കലാക്കപ്പെട്ടു കാണും . അവർ തന്നെയും അയാളെയും മാറി മാറി നോക്കി.

“എന്താ തള്ളേ നോക്കുന്നെ ? ഇവളെ ഞാൻ കൂട്ടിച്ചോണ്ടു വന്നതാ.. ഇതവളുടെ കൊച്ചാ..എന്റെയല്ല. വെക്കുന്നതിന്റെ ഒരോഹരി ഇവർക്കും കൂടി കൊടുത്തേക്കണം, പോരിനൊന്നും പോയേക്കല്ല്. അവളോടൊന്നും കിഴിച്ചു കിഴിച്ചു ചോദിക്കാനും നിക്കേണ്ട. മനസ്സിലായോ?”

അയാൾ തന്റെ മടിയിൽ കരുതിയിരുന്ന മുറുക്കാനും പലഹാരവും അവർക്കു നേരെ നീട്ടി.

എന്തൊരുമനുഷ്യൻ ! പുറമെ കാണുന്നതു പോലെ അത്ര കുഴപ്പക്കാരനല്ല. അവൾ അവിടമാകെ കണ്ണോടിച്ചു. അടുക്കും ചിട്ടയുമില്ലാതെ എല്ലായിടവും അലങ്കോലമായിക്കിടക്കുന്നു. പ്രായമായ അമ്മയല്ലേയുള്ളു ഇവിടെ… മുറിയിലാകെ മദ്യത്തിന്റെ നാറ്റം. താഴെ പൊട്ടിയ കുപ്പിയിൽ നിന്നും പരന്നൊഴുകിയ മദ്യം അവിടമാകെ ചിത്രം വരച്ച പോലെ. മേശമേൽ ഗ്ലാസ്സ് . ഒരു പരന്നപാത്രത്തിൽ മിക്സ്ചറിന്റെ കവർ പാതി തീർന്ന മട്ടിൽ… നിലത്തെല്ലാം മിക്‌സ്ചറിന്റെ അവശിഷ്ടങ്ങൾ . ഒരു ചെറിയ പാത്രത്തിൽ നാരങ്ങാ അച്ചാർ. കട്ടിലിൽ വിരിച്ച തുണി ആകെ അലങ്കോലമായിക്കിടക്കുന്നു ചതഞ്ഞരഞ്ഞ് ഉണങ്ങിയ മുല്ലപ്പൂക്കൾ. അവൾക്കെന്തോ വല്ലായ്മ തോന്നി. താൻ വന്നത് എരിതീയിൽ നിന്നു വറചട്ടിയിലേയ്ക്കോ? എങ്ങനെയെങ്കിലും ഇവിടെ നിന്നോടി രക്ഷപ്പെട്ടാൽ മതിയെന്നു തോന്നി.

അവൾ ഭീതിയോടെ നോക്കുമ്പോഴേക്കും മുന്നിൽ അയാൾ.

“എന്താടീ മിഴിച്ചു നോക്കണത്. നിന്നെ എനിക്കൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാലും ഞാൻ പറയാം. നീ ഈ കണ്ടതൊക്കെ സത്യമാ ഇവിടെ പല പെണ്ണുങ്ങളും വരും. ഇവിടെ ഇന്നലെയൊരുത്തി വന്നു. അവളെ ഞാനൊത്തിരി ഇഷ്ടപ്പെട്ടു. പക്ഷേങ്കില് ആ ഒരുമ്പെട്ടോള് എന്നെ പറ്റിച്ചെടീ. ഇന്നു ഞാൻ കണ്ടു അവളു വേറൊരുത്തന്റെ കൂടെ……. തേവിടിശ്ശി! ത്ഫൂ …… അയാൾ നീട്ടിത്തുപ്പി മുറിയിൽത്തന്നെ. അതു പറയുമ്പോൾ അയാളുടെ ഭാവം അവളെ പേടിപ്പെടുത്തി. തന്നെയും ഇവിടെ വരുന്ന പെണ്ണുങ്ങളെപ്പോലെയാണോ അയാൾ കാണുന്നത്. തന്റെ മനസ്സിലിപ്പോഴും തന്റെ കുത്തിന്റെ അച്ഛനല്ലാതെ മറ്റാരുമില്ല എന്നുള്ള സത്യം തനിക്കല്ലേ അറിയൂ. ഏതായാലും ഈ രാത്രിയിൽ കുഞ്ഞിനെയും കൊണ്ട് താനെവിടെ പോകും ? നാളെയാകട്ടെ.

അവൾ കട്ടിലിൽ വിരിച്ചിരുന്ന പഴകിയ ഷീറ്റെടുത്തു കുടഞ്ഞു വിരിച്ചു. മേശപ്പുറമെല്ലാം അടുക്കി വച്ചു. നിലത്തെ കുപ്പിച്ചില്ലുകൾ പെറുക്കിക്കൂട്ടി. എവിടെ കളയണമെന്ന് അമ്മയോടു ചോദിക്കാമെന്നു വെച്ച് അടുക്കളയിലേക്കു ചെന്നപ്പോൾ കണ്ട കാഴ്ചകൾ അവളെ ഞെട്ടിച്ചു. മുറിയിലൊരു തുണിത്തൊട്ടിൽ. അതിൽ സുഖമായുറങ്ങുന്ന തന്റെ കുഞ്ഞ്. തൊട്ടിലാട്ടുന്ന അമ്മ. അവൾക്ക് വിശ്വസിക്കാനേ പറ്റിയില്ല. തനിക്കിതുപോലെയൊരമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി.. അവൾ അടുക്കളയിൽ നിന്നൊരു കോരിക എടുത്തു കൊണ്ടുവന്ന് കുപ്പിച്ചില്ലുകളെല്ലാം വാരിക്കൂട്ടി ഇറയത്തു കണ്ട ഒരു പഴകിയ ബക്കറ്റിലേക്കിട്ടു.

” പോയി കുളിച്ചിട്ടു വാടീ.’

അയാൾ ഒരു സോപ്പ് അവളുടെ നേരെ നീട്ടി. അവൾക്കനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അമ്മ അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൾക്കാശ്വാസമായി. തന്നെ പ്രസവിച്ചയുടനെ നഷ്ടപ്പട്ട അമ്മയെ അവൾ ഓർത്തു.

” തള്ള മിണ്ടുകേല….. ഒരുമിച്ചു നടന്നു പോയ ഭർത്താവിനെ വണ്ടിയിടിച്ചു വലിച്ചോണ്ടു പോയപ്പോ ശബ്ദം പോയതാ. പിന്നെ മിണ്ടിയിട്ടില്ല. പാവം തള്ള. എന്നെ വളത്താനൊത്തിരി പാടുപെട്ടു.”

അതു കേട്ടപ്പോ അവൾക്കു വല്ലാത്ത വിഷമം ആയി. കുളി കഴിഞ്ഞ് അവൾ അടുക്കളയിലേക്കു ചെന്നപ്പോൾ അവർ മൂന്നു പാത്രങ്ങളിൽ കഞ്ഞിയും പയറും ചുട്ട പപ്പടവും വിളമ്പി വച്ചിരിക്കുകയായിരുന്നു. അയാൾക്കുള്ള കഞ്ഞി മേശപ്പുറത്തു കൊണ്ടു വച്ചു.

“ഇതാർക്കാടി ഈ നേദിച്ചിരിക്കുന്നെ? നെലത്തിരുന്നു കഴിച്ചാലെന്നാ ചത്തുപോകുവോടീ.”

അപ്പോഴേക്കും അടുക്കളയോടു ചേർന്ന മുറിയിൽ അമ്മ മൂന്നു കൊരണ്ടിപ്പലകകൾ ഇട്ടിരുന്നു.

” തള്ളേം ഞാനും കൂടി ഒന്നിച്ചിരുന്നാ കഴിക്കണത്. നീയും ഇരുന്നോടി…”

അപ്പോഴേക്കും ഉറക്കമെണീറ്റ് കുട്ടി കരയാൻ തുടങ്ങി. അവൾ കുഞ്ഞിനെയെടുത്ത് മുഷിഞ്ഞ ഉടുപ്പൊക്കെ മാറ്റിയിട്ടു. കഞ്ഞി കോരിക്കൊടുക്കാൻ തുടങ്ങി. പരുക്കനായ അയാൾ അമ്മയുടെ വായിലേയ്ക്ക് ആദ്യത്തെ സ്പൂൺ കഞ്ഞി കോരിക്കൊടുക്കുന്നതു കണ്ടു. ഈ മനുഷ്യനെ മനസ്സിലാക്കാൻ പറ്റുന്നില്ല. കുട്ടിത്തം മാറാത്ത ഒരു കൂട്ടിയെപ്പോലെ അയാൾ അമ്മ നീട്ടിയ കഞ്ഞിയ്ക്കായി വായ തുറന്നു കൊടുത്തു. ഇങ്ങനെയൊരു മകനുള്ളത് ആ അമ്മയുടെ ഭാഗ്യം.. അവൾ മനസ്സിലോർത്തു.

അയാളുടെ പരസ്ത്രീകളുമായിട്ടുള്ള ബന്ധം അവളെ അലോരസപ്പെടുത്തി. തനിക്കിന്നു രാത്രി എന്താണ് സംഭവിക്കുക എന്നോർത്തപ്പോൾ അവളുടെ മനസ്സിലെ തീയാളി. ഏതു വിധേനയും ഒരു ചെറുത്തു നില്പിന് അവളുടെ മനസ്സ് ഒരുക്കമായി. താനും കുഞ്ഞും സുരക്ഷിതമായ ഒരു സ്ഥലത്താണു വന്നിരിക്കുന്നതെന്നുള്ള തോന്നൽ വെറും വ്യാമോഹം. അച്ഛന്റെ പ്രായമുള്ള അയാളുടെ കൂടെ ഇവിടെ വരുമ്പോൾ രാത്രിയിൽ കാപാലികന്മാരുടെ ശല്യമില്ലാതെ കിടന്നുറങ്ങാനൊരിടം കിട്ടിയല്ലോ എന്ന തോന്നലായിരുന്നു. തന്നെപ്പോലെ തന്റെ കുഞ്ഞ് ഒരു തെരുവുപുത്രിയായി വളർന്നു കൂടാ എന്നാശിച്ചതും വെറുതെയാകുമോ?.

അവൾ അത്താഴം കഴിഞ്ഞ് പാത്രങ്ങൾ കഴുകി വയ്ക്കാൻ തുടങ്ങി. കുട്ടി അമ്മയുമായി നന്നായി ഇണങ്ങിക്കഴിഞ്ഞു. ഏതോ മുൻജന്മ ബന്ധം പോലെ. അവർ ആംഗ്യ ഭാഷയിലെന്തൊക്കെയോ പറഞ്ഞു. ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. തന്നെ അമ്മയ്ക്കൊരുപാടിഷ്ടമായെന്നാണ് പറഞ്ഞതെന്ന് പിന്നീടു മനസ്സിലായി.

പക്ഷേ അവളുടെ മനസ്സിൽ വല്ലാത്തൊരാശങ്ക പടർന്നു കയറിയിരുന്നു. തന്നെയും കുഞ്ഞിനെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന തന്റെ ഭർത്താവിനെ മറന്നിട്ടൊരു ജീവിതമോ? അതു തനിക്കു സാദ്ധ്യമോ? അതു സാദ്ധ്യമല്ലാത്തതു കൊണ്ടല്ലേ താനൊരു ഭ്രാന്തിയുടെ വേഷമണിഞ്ഞത്. പക്ഷേ ഇവിടെ ……… ? മൊശ്ശടനായ അയാളുടെയുള്ളിൽ താനെന്ന പെണ്ണിനോടുള്ള കാമമല്ലേ തങ്ങളെ ഇവിടെ എത്തിച്ചത് ? അയാൾ മാറി മാറിക്കൊണ്ടുവരുന്ന പെണ്ണുങ്ങളിലൊരാൾ. തന്നെയും മടുക്കുമ്പോൾ അയാൾ തന്നെ ഉപേക്ഷിക്കില്ലേ? എന്തു ചെയ്യണമെന്ന് അവൾക്കൊരെത്തും പിടിയും കിട്ടിയില്ല. സൗന്ദര്യമുള്ള തന്റെ ശരീരമാണ് എല്ലാവർക്കും വേണ്ടത്. കീറിപ്പറിഞ്ഞ തന്റെ വസ്ത്രങ്ങൾക്കിടയിലെ ശരീരഭാഗങ്ങളെ നോക്കി ചിലർ പറയുന്ന ദ്വയാർത്ഥങ്ങൾ …. ആരും തന്റെയടുത്തേക്കു വരാതിരിക്കാനാണ് വല്ലാതെ മുഷിഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത്. കുളിക്കാതെയും നനയ്ക്കാതെയും ഭ്രാന്തിയെപ്പോലെ പുലമ്പി നടക്കുന്നത്. എന്നിട്ടും എത്രയോ പേർ തന്റെ ശരീരത്തെ ലക്ഷ്യമാക്കി വന്നു. പക്ഷേ താനാർക്കും പിടി കൊടുക്കാതെ ഇവിടെ വരെയെത്തി.

“പെണ്ണേ നിന്റെ പേരെന്താടീ.”

” അഭിരാമി. ”

അവൾ തെല്ലു ഭയത്തോടെ പറഞ്ഞു.

“‘അല്ല പെണ്ണേ… എനിക്കു നിന്റെ പേരും നാളുമൊന്നും അറിയേണ്ട .നീയാ കുഞ്ഞിനെ ഉറക്കിയേച്ച് നേരത്തെ കിടന്നുറങ്ങാൻ നോക്ക്. രാവിലെ ഒരിടം വരെ പോണം. ”

അയാൾ മൊന്തയിലെ വെള്ളം എടുത്തു കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു. അവൾക്കു പേടിയായി. ഇന്നു രാത്രി താൻ ഭയപ്പെടുന്നതു പോലെ എന്തെങ്കിലും………? എന്നിട്ട് രാവിലെ തന്നെ എവിടെയെങ്കിലും ഉപേക്ഷിക്കാനാണോ അയാളുടെ പ്ലാൻ.

അമ്മ കുഞ്ഞിനെ ഉറക്കിയിരുന്നു. അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി. വെള്ളം കുടിക്കാനായി അടുക്കളയിലേക്കു ചെല്ലുമ്പോൾ അയാളുടെയും അമ്മയുടെയും സംസാരം : അവൾ കാതോർത്തു. ” തള്ള എന്താ വിചാരിച്ചത്? ഞാനവളെ എന്റെ ഭാര്യയാക്കാനാ കൊണ്ടുവന്നതെന്നോ? അവൾക്കെന്റെ മോളാകാനുള്ള പ്രായമല്ലേയുള്ളു. അവളെന്റെ മോളു തന്നെയാ തെരുവിൽ നിന്നും എനിക്കു കിട്ടിയ എന്റെ മകള് … നാളെ രാവിലെ അവളെ നഗരത്തിലുള്ള റെസ്ക്യൂ ഹോമിൽ കൊണ്ടാക്കണം. ”

ആ വൃദ്ധയായ മാതാവിന് ഒന്നും മനസ്സിലായില്ല. അയാൾ വിശദീകരിച്ചു.

” അവിടെ അവൾക്കും കൊച്ചിനും ഒത്തിരി അമ്മമാരെയും സഹോദരിമാരെയും കിട്ടും. അതല്ലേ നല്ലത്. ഇടയ്ക്കൊക്കെ നമുക്കവരെ പോയി കാണാമല്ലോ ”

അയാൾ തിരിഞ്ഞു നോക്കിയതും എല്ലാം കേട്ടുകൊണ്ട് അവൾ. അവളുടെ കണ്ണു നിറഞ്ഞു. പുറമെ പരുക്കനായ അയാളുടെ മനസ്സിലെ നന്മ അവൾക്കു ബോദ്ധ്യമായി. വെറുതെ അയാളെ തെറ്റിദ്ധരിച്ചതിൽ സ്വയം ശപിച്ചു അയാൾ അവളുടെ നെറുകയിൽ തലോടി …… ഒരച്ഛന്റെ വാത്സല്യത്തോടെ….. 


രചന: Josepheena Thomas