ഓട്ടോഗ്രാഫ്...
അന്ന് അതൊരു വികാരമായിരുന്നു....
പുതിയ ജനറേഷനിൽ ഉള്ളവർക്ക് ഞാനീ പറയുന്ന കാര്യം ഒരു പക്ഷേ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല..
പത്താം ക്ലാസ്സിൽ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ഓട്ടോ ഗ്രാഫ് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു...
അന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കളും സഹപാഠികളും എഴുതിത്തന്ന വരികൾ ഇപ്പോൾ വായിക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് പോലും അറിയുന്നില്ല...
എന്തായാലും ഒരു കാര്യം ഉറപ്പ്...
അന്നത്തെ ആ കുറിപ്പുകൾ ഇപ്പോൾ വായിക്കുമ്പോൾ ഒരു നെടുവീർപ്പ് അറിയാതെ നമ്മളിൽ നിന്നും ഉണ്ടാകും..
കൊക്കിനെന്തിന് കോൾഗേറ്റ്,
കാക്കക്കെന്തിന് കരിമഷി,
തത്തക്കെന്തിന് ലിപ്സ്റ്റിക്ക്,
ജോർജുകുട്ടിക്ക് എന്തിനു ഓട്ടോഗ്രാഫ്....
ആഹാ..
വയലാർ എഴുതുമോ ഇതുപോലെ...???
കാലം മാറും,
കോലം മാറും,
നീ എന്നെ മറന്നാലും,
നിന്നെ ഞാന്‍ മറക്കില്ല..
എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയി....
ഭാവി ജീവിതം ഭാസുരമാക്കാൻ ഭർത്താവിനെ ഭരണിയിയിൽ ആക്കുക...
എന്ന് പറഞ്ഞവൾ ഇപ്പഴും കെട്ടിയിട്ടില്ല എന്നോർക്കുമ്പോളാണ് മനസ്സിനൊരു സമാധാനം....
പാടത്തെ കിളിയെ സ്നേഹിച്ചാലും, പറമ്പിലെ കിളിയെ സ്നേഹിച്ചാലും, ബസിലെ കിളിയെ സ്നേഹിക്കല്ലേ,
എന്നെഴുതിയവളിപ്പോ ബസിലെ കിളിയുടെ പിള്ളേരുടെ അമ്മയാണ്....
വിശാല മനസ്സേ,
വിരോധമരുതേ,
വിധിയുണ്ടെങ്കിൽ വീണ്ടും കാണാം,
എന്ന് എഴുതിയവന് പിന്നെ എന്നെ കാണാൻ വിധിയുണ്ടായില്ല എന്നത് പച്ച പരമാർത്ഥം....
അനന്തമായ നീലാകാശത്ത്,
മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ, നാം തമ്മിലുള്ള സ്നേഹബന്ധം അകലാതിരിക്കട്ടെ..
എന്നെഴുതിയവളെ നേരിട്ട് കണ്ടിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു...
B.A മറന്നാലും,
M.A മറന്നാലും,
N.A(എന്നെ) മറക്കരുത്... എന്നെഴുതിയവന്റെ പേരല്ലാതെ അവന്റെ മുഖം പോലും ഞാനിപ്പോ ഓർക്കുന്നില്ലല്ലോ ഈശ്വരാ....!!!
ഇനിയിപ്പോൾ അവനെങ്ങാനും എന്റെ മുന്നിൽ വന്നു നിന്നു ഞാൻ നിന്റെ പഴയ കൂട്ടുകാരനാടാ എന്ന് പറഞ്ഞാൽ ചിലപ്പോഴെന്റെ ഓർമ്മശക്തി തിരിച്ചു കിട്ടിയേക്കാം....
ചിലപ്പോൾ മാത്രം....
വർഷങ്ങൾ കഴിഞ്ഞാലും,
വൃക്ഷങ്ങൾ കൊഴിഞ്ഞാലും,
നീ എന്നെ മറന്നാലും,
ഞാൻ നിന്നെ മറക്കില്ല...
എന്ന് നടുപേജിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയവളെ..
നീയിപ്പോൾ എവിടെയാണ്....???
പഠിച്ചു പഠിച്ചു നീ ഡോക്ടറായാൽ,
പനിച്ചു പനിച്ചു ഞാൻ വരുമ്പോൾ,
ഫീസ് വാങ്ങാൻ മറക്കല്ലേ സോദരി...
ഞാൻ അന്ന് അങ്ങിനെ പറഞ്ഞത് കൊണ്ട് മാത്രം അവൾ പഠിച്ച് ഡോക്ടറായി.
ഞാൻ പനിയും പിടിച്ചിവിടെ വീടിന്റെ ഉമ്മറത്തിണ്ണയിൽ ചുക്ക് കാപ്പിയും കുടിച്ച് വെയിലിനെയും നോക്കിയിരിക്കുന്നു...
ഹാ യോഗമില്ലുണ്ണിയെ....
ശാസ്ത്രം മുന്നോട്ട്,
മൂത്രം താഴോട്ട്,
നീ എങ്ങോട്ട്...???
ഓട്ടോഗ്രാഫിൽ ആരെങ്കിലും ഇങ്ങനെയൊക്കെ എഴുതുമോ...???
പക്ഷേ..
അങ്ങിനെയും എഴുതിക്കണ്ടു...
എന്റെ കരളിന്റെ കരളായ കുളിരെ,
വരൂ നമുക്ക് ചരലിൽ കിടന്നുരുളാം..
എന്ന് ഓട്ടോഗ്രാഫിൽ എഴുതികൊടുത്തവനെ അന്വേഷിച്ച് പെൺകുട്ടിയുടെ ആങ്ങളമാർ സ്കൂളിൽ വന്നിരുന്നു...
W. C(വെഡിങ് കാർഡ് )അയക്കാൻ മറന്നാലും,
D. C(ഡെത്ത് കാർഡ് )അയക്കാൻ മറക്കരുത്..
എന്നെഴുതിവനെ കല്യാണം വിളിച്ചിട്ട് പോലും അവൻ വന്നില്ല.
ഇനി ഞാൻ ചാകുമ്പോ വരാൻ എന്റെ ഡെത്ത് കാർഡും നോക്കി ഇരിക്കുകയായിരിക്കും...
ബ്ലഡി ഗ്രാമവാസി...
നമ്മൾ ദൂരെ ദൂരെ ഒരു ദിക്കിലേക്കുള്ള യാത്രയിലാണ്.അതിനിടയിൽ ഒന്ന് വിശ്രമിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ കൂടിയിട്ടുള്ളത്.ഈ യാത്രയുടെ അവസാനം എന്താകുമെന്ന് അറിയില്ല സഹോദരാ...
ആഹാ..
ഈ ഫിലോസഫി എഴുതിയവനെ വർഷങ്ങൾക്ക് ശേഷം അവനെ നെടുമ്പാശ്ശേരിയിൽ വെച്ച് കണ്ടു....
അവനിപ്പോഴും യാത്രയിലാണ്..
മറവി മരുന്ന് ആക്കി മാറ്റിയാലും,
മായ സ്വപ്നങ്ങളിൽ മയങ്ങിയാലും, മരിക്കാത്ത ഓർമകളെന്നും മനസിന്റെ താളം തകർക്കും...
ഇതെഴുതിയ ആളെ ഓർമ്മയിലില്ലെങ്കിലും അവരെഴുതിയത് സത്യമാണെന്ന് പലപ്പഴും എനിക്ക് തോന്നിയിട്ടുണ്ട്...
പത്തിലെ ഓട്ടോ ഗ്രാഫൊക്കെ കയ്യിൽ ഉണ്ടെങ്കിൽ ഇടക്കൊക്കെ അതൊന്നു മറിച്ചു നോക്കണം.
ഓർമ്മകളുടെ ആ താളുകൾ മറിക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മുഖത്തുമൊരു പുഞ്ചിരി വിരിയും.
ചിലരൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ വായിച്ചു നോക്കുമ്പോൾ ചിരിച്ചു ചിരിച്ചൊരു വഴിക്കാകും.
ടാബും,മൊബൈലും,ലാപ്ടോപ്പുമൊക്കയായി നടക്കുന്ന ഇപ്പഴത്തെ പിള്ളേർക്കറിയുമോ ഓട്ടോഗ്രാഫ് എഴുതിക്കാൻ ക്ലാസ്സുകൾ തോറും കയറിയിറങ്ങി നടന്ന പണ്ടത്തെ പത്താം ക്ലാസ്സ് പിള്ളേരുടെ മനസ്സിന്റെ വെപ്രാളം...
ഹാ...
അതൊക്കെ ഒരു കാലം...
ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം....😍
EmoticonEmoticon