മന്ത്രവാദം, ദുർമന്ത്രവാദം,കൂടോത്രം തുടങ്ങിയ അനാചാരങ്ങൾ എന്താണ്?
==============
മന്ത്രം കൊണ്ട് വാദിച്ച് ജയിക്കുന്നതിനെയാണ് മന്ത്രവാദം എന്ന് പറയുന്നത്.
മനുഷ്യസഹജമായ വിചാരങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് പ്രാചീനകാലത്ത് മനുഷ്യര്‍ വികസിപ്പിച്ചെടുത്തതാണ് മന്ത്രവാദമെന്ന കല. മന്ത്രവാദത്തെ ചിലപ്പോള്‍ തന്ത്രമെന്നും പറയാറുണ്ട്.
എന്നാൽ ദുർമന്ത്രവാദം എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നതാണ്. ദുർ എന്ന് പറഞ്ഞാൽ ദുഷിച്ച എന്നാണ് അർത്ഥം. നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച് ചെയ്യുന്നതാണ് കൂടോത്രം. മുട്ടയിലും , മറ്റും ജപിച്ച് ചെയ്യുന്നത് കൂടോത്രത്തിന് ഉത്തമ ഉദാഹരണമാണ്.
പ്രകൃതിയില്‍ മനുഷ്യന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭയ-ഭക്തി ബഹുമാനത്തിന്‍റെ ആകെത്തുകയാണ് മന്ത്രവാദമെന്നാണ് മറ്റൊരുഭാഷ്യം.ഒരാളുടെ ഇച്ഛപ്രകാരം സാധനയും, പൂജയും കൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദുര്‍മന്ത്രവാദം നടത്തി വന്നിരുന്നത്. പാമ്പുകടിയ്ക്കുക, നായകടിയ്ക്കുക, രക്തം ഛര്‍ദ്ദിക്കുക, ശ്വാസം മുട്ടി മരിയ്ക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുക എന്നതായിരുന്നു അന്നൊക്കെ ഇതിന്‍റെ അനന്തരഫലമായി വിശ്വസിച്ച് പോന്നത്.
ഹിന്ദു വിശ്വാസ പ്രകാരം ഋഗ്വേദം,
യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ നാല് വേദങ്ങളിൽ സാമവേദത്തിലും , അഥര്‍വ്വവേദത്തിലുമാണ് മന്ത്രവാദങ്ങളേയും മന്ത്രവാദ ക്രിയകളേയും കുറിച്ച് പറയപ്പെടുന്നത്. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും , ആഭിചാരക്രിയകള്‍ ചെയ്യുന്ന തരത്തിലുള്ള മന്ത്രങ്ങളും മാരണം, ഉച്ഛാടനം തുടങ്ങിയവയും അഥര്‍വ്വവേദത്തില്‍ കാണാം. ബാധയൊഴിപ്പിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. മന്ത്രവാദത്തിൽ തന്നെ വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം, പ്രാകൃത മന്ത്രവാദം എന്നീ ശാഖകളുമുണ്ട്.
മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ വശീകരിക്കുന്നതിനായി വശ്യക്രിയ ഉപയോഗപ്പെടുത്തുമ്പോൾ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുവാനായി സ്തംഭനക്രിയ ഉപയോഗപ്പെടുത്തുന്നു. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നത്. വിദ്വേഷണ ക്രിയ ഉപയോഗപ്പെടുത്തുന്നത് ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്നതിനാണ്. ഉച്ചാടനം ബാധയൊഴുപ്പിക്കുന്നതിനായാണ് നടത്തുന്നത്. എന്നാല്‍ ഇത് മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മം മാത്രമാണ്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത മന്ത്രവാദക്കളമാണ്. മാരണക്രിയയിലൂടെ മറ്റുള്ള മനുഷ്യരേയോ ,ജീവികളേയോ വധിയ്ക്കാനാകുമെന്നാണ് വിശ്വാസം. മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധനാ മൂര്‍ത്തികളെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പ്രാകൃത മന്ത്രവാദം. മൃഗബലിയും നരഹത്യയും ഇതിന്‍റെ ഭാഗമായിരുന്നു. ഈ കര്‍മ്മത്തിനിടെ മന്ത്രവാദിയും ചിലപ്പോൾ രക്തം പാനം ചെയ്യാറുണ്ട്.
വൈദ്യവും , മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥര്‍വ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുടര്‍ന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും , മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാണാം. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളര്‍ന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാത്തന്‍, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, എരിക്കമ മോഹിനി, ഭൈരവി, യോനിമര്‍ദ്ദിനി, പറക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നീ ദുര്‍മൂര്‍ത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കര്‍മങ്ങളുടെ പ്രയോക്താക്കളായും മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
മനുഷ്യന്റെ തലയും , പോത്തിന്റെ കാലുമായി വഴിയില്‍ നടക്കുന്നവരെ പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒടിയന്‍ നമ്മുടെ മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു. മാത്രമല്ല വീട്ടിലൊരു കുട്ടി ജനിച്ചാല്‍ മറുപിള്ളയ്ക്കായി കാത്തു നില്‍ക്കുന്ന ചാത്തനും നമുക്ക് കഥകളിലൂടെ പരിചിതരായിരുന്നു.
കേരളത്തില്‍ പ്രാചീനദശയില്‍ ആദിമവാസികളുടെയിടയില്‍ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും കണിയാന്‍, പാണന്‍, പറയന്‍, മണ്ണാന്‍, അരയന്‍ തുടങ്ങിയവര്‍ക്കിടയില്‍ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു.
എല്ലാ പാണനും , പറയനും ,മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും. എന്നാല്‍ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികള്‍ അല്ല .കാരണം കേരളത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച പരശുരാമന്‍ ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴില്‍ നല്‍കിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും , ഷണ്മന്ത്രവാദികളും , താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂര്‍, തറയില്‍ക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂര്‍, പറമ്പൂര്‍, ചെമ്പ്ലിയന്‍സ്, താഴമണ്‍ മുതലായ ഇല്ലക്കാര്‍ക്ക് തന്ത്രവും കാട്ടുമാടം, കല്ലൂര്‍, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാര്‍ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവര്‍ക്ക് മന്ത്രവും കുലതൊഴിലായിത്തീര്‍ന്നിട്ടുള്ളതിങ്ങനെയാണ്.
വാന്‍ഹൌസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ (1879) ഒരു ലേഖനത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. കേരളത്തില്‍ ആറ് സദ്മന്ത്രവാദികളും , ആറ് ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗന്‍ അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലെ സമൂഹമോ , രാഷ്ട്രമോ ,മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാര്‍ മാത്രമായിരുന്നു മന്ത്രവാദ കര്‍മ്മങ്ങളില്‍ ബന്ധപ്പെട്ടിരുന്നത്. അവരില്‍ പ്രമുഖരെ രാജാക്കന്മാര്‍ പോലും തങ്ങളുടെ ശത്രുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛര്‍ദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് ശത്രുക്കളെ അടിപ്പെടുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചിരുന്നത്.
പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍. കണിയാന്‍, മണ്ണാന്‍ തുടങ്ങിയ സമുദായക്കാരുടെ താളിയോലകളിലെ രീതിയാണിത്. തൊഴില്‍ രഹിതനാക്കുക, കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം, സമൂഹത്തില്‍ ഒറ്റപ്പെടല്‍, അപകടമരണം, ദുര്‍മരണം, ആത്മഹത്യ, ദമ്പതീകലഹം എന്നിവക്കായി പ്രാകൃത മന്ത്രവാദികള്‍ മാട്ടും മാരണവും നടത്തുന്നു.
മന്ത്രവാദം ഏകവസ്ത്രമായോ , നിര്‍ വസ്ത്രമായോ വേണം ചെയ്യാന്‍, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവം കുടികൊള്ളുന്നത് നമുക്ക് കാണാം. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കര്‍മി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും , പ്രതിയെ പിടികൂടിയുള്ള മൂര്‍ത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകര്‍മ്മമാണ്.
ഉച്ചാടനം, മാരണം, വിദ്വേഷണം, സ്തംഭനം, വശ്യം എന്നിവ പ്രധാന ദുർമന്ത്രവാദ ക്രിയകളാണ്. ഉച്ചാടനത്തിന് ഇരയാകുന്ന വ്യക്തിയും അവന്‍റെ കുടുംബവും നാടും , വീടും സ്വന്തക്കാരും , ബന്ധുക്കാരും നഷ്ടമായി നാട് വിട്ടോടും മത്രേ. മാത്രമല്ല, അവന്‍ ചെല്ലുന്നിടത്തെല്ലാം ഉറയ്ക്കാതെ അതാത് നാട്ടുകാര്‍ അവനെ ഓടിച്ചുകൊണ്ടിരിക്കും. വിദ്വേഷണത്തിന്‍റെ ഫലവും ഇതു തന്നെ. എല്ലാവരും അവനെ വെറുക്കും. ദമ്പതികളാണെങ്കില്‍ കലഹിച്ച് പിരിയും. മാരണത്തിനിരയായവന്‍ ദുര്‍മരണപ്പെടും. സ്തംഭനം സ്തംഭിപ്പിക്കാനുള്ളതാണ്. അതിനിരയാകുന്നവന്‍റെ സകലതും സ്തംഭിക്കും. ഒരു കാര്യവും നടക്കില്ല.
ഇങ്ങനെ ദുര്‍മന്ത്രവാദത്തിന്‍റെ ഫലങ്ങള്‍ ഏറെയാണ്. ഇപ്പോഴും കേരളത്തില്‍ ഇത് ഫലപ്രദമായി ഹിന്ദു സമ്പ്രദായത്തിലും , മുസ്ലിം സമ്പ്രദായത്തിലും , കടമറ്റം ക്രിസ്ത്യന്‍ സമ്പ്രദായത്തിലും പലരും നടത്തിവരുന്നുണ്ട്.
കേരളത്തില്‍ അറബി മാന്ത്രികം വ്യാപകമാണെങ്കിലും ഇസ്ലാമില്‍ മന്ത്രവാദമില്ല എന്നാണ് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത്. ഇവിടെ പ്രയോഗിക്കുന്നത് ബാബിലോണിയന്‍ ഈജിപ്ഷ്യന്‍ രീതികളാണത്രേ. ക്രിസ്ത്യാനികളുടേതായി പറയുന്ന കടമറ്റം സമ്പ്രദായ രീതികള്‍ കടമറ്റത്തച്ചന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അടുത്തുപോയി പഠിച്ചതാണെന്നും ക്രിസ്ത്യന്‍ രീതികളല്ല എന്നും പറയുന്നു. പക്ഷേ അതിന്‍റെ മന്ത്രം തുടങ്ങുന്നത് ഇങ്ങനെയാണ് -
" ഓം ചുത്തമാന കുരിശെ, ഉന്നടയാളത്തിനാല്‍ ശത്രുക്കളെന്മേല്‍ വരുവാതെ കാത്തുക്കോ, പിതമഹന്‍ രാവു വന്താലും ഇരുട്ടു വന്താലും മേലടിപ്പെടാതെ കാത്തുക്കോ കര്‍ത്താനെ മണ്ണില്‍ പിറന്ന ശീലുവൈ... "
ഇതില്‍ യേശുവും , കുരിശുമൊക്കെയാണ് വരുന്നത്. ഗോത്ര രീതികളെ അച്ചന്‍ ക്രിസ്ത്യന്‍ വത്ക്കരിച്ചതാകണം.
കേരളത്തിലെ ദ്രാവിഡ ദുര്‍മന്ത്രവാദ രീതികളെ, അതിന്‍റെ ദുഷിച്ച വശങ്ങളെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ അവ നമ്മുടെ ഫോക് ലോര്‍ സംസ്കൃതിയുടെ പൈതൃക സമ്പത്താണെന്ന് മനസിലാകും. അതിന്‍റെ സാഹിത്യം, സംഗീതം, ചിത്രകല (കോലം - യന്ത്രമെഴുത്ത്) എല്ലാം ശാസ്ത്രീയമായി പഠനവിധേയമാക്കേണ്ടതാണ്. ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ആചാര്യ എം. ആര്‍. രാജേഷ് തുടങ്ങിയ പണ്ഡിതര്‍ ഈ ശാഖയിലെ ഗവേഷണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഫോക് ലോര്‍ വിഭാഗത്തിന്‍റെ ശ്രദ്ധകൂടി ഇതില്‍ പതിയേണ്ടതാണ്. ഇതിലെ അന്ധവിശ്വാസങ്ങളേയും , അനാചാരങ്ങളേയും മാറ്റി നിര്‍ത്തി കലയെ അരിച്ചെടുക്കണം.
മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ് .ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായി തന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും , മതപരമായിട്ടും ആയിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബിമാന്ത്രികം,ചൈനീസ് മന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന് ഉദാഹരണമാണ്. ഇംഗ്ലീഷിൽ "ബ്ലാക്ക് മാജിക് (Black Magic)" എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.
പറശ്ശിനിക്കടവ് മുത്തപ്പൻ തുടങ്ങിയ ദ്രാവിഡ ക്ഷേത്രങ്ങളിലും മറ്റും മത്സ്യവും , മദ്യവും പൂജക്കായി ഉപയോഗിക്കുന്നതും മറ്റും ഉദാഹരണമാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ദുർമന്ത്രവാദം രഹസ്യമായി ഇന്നും നടത്താറുണ്ട് എന്ന് പറയപ്പെടുന്നു. നഗ്നപൂജ, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും , വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചു ഇസ്ലാം മതവിശ്വാസികളും, ചില ഹൈന്ദവരും ഭക്ഷണത്തിനായി മൃഗബലിയും , കോഴിബലിയും നടത്താറുണ്ട്. എന്നാൽ ഇതൊന്നും ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടല്ല മറിച്ചു മതാചാരമായിട്ടാണ് കണക്കാക്കുന്നത്. ദുർമന്ത്രവാദി പലപ്പോഴും താമസികഭാവം കൈകൊള്ളാറുണ്ട്. അപ്പോൾ കർമിയും മദ്യപാനവും , രക്തപാനവും മാംസാഹാരം കഴിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും പ്രത്യാക്രമണമാണ് ദുർമന്ത്രവാദിയുടെ രീതി. വശ്യം, മാട്ട്, മാരണം, അറബി മാന്ത്രികം എന്നിവയാണ് പൊതുവേ ഇവർ ചെയ്യുന്നത്. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി ദുർമന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു.
മന്ത്രവാദവും കൂടോത്രവും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടു്. അധ്വാനശീലരുടെ മന്ത്രവാദമാണ് കൂടോത്രം . കൂടോത്രം മിക്കപ്പോഴും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടാറുള്ളത്. ദുരൂഹത തോന്നിപ്പിക്കും വിധം ചിലതൊക്കെ കുഴിച്ചിടുന്നതിൽ കായികാധ്വാനമുണ്ട്. അതുകൊണ്ടാണ് അത് അധ്വാനശീലരുടെ മന്ത്രവാദമാകുന്നത് .ഒൻപത് എന്ന അക്കത്തിന് കൂടോത്രത്തിൽ വലിയ സ്ഥാനമാണുള്ളത്.മുൻപൊക്കെ ആണി മുതൽ ചെമ്പുതകിടുവരെയുള്ള പുരാവസ്തുക്കൾ കൂടോത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.
കേരളത്തിന്‍റെ മന്ത്രവാദ ദുര്‍മന്ത്രവാദ മേഖല കോടികള്‍ മറിയുന്ന ഒരു ബിസിനസ് മേഖലയാണിന്ന്. ഇതില്‍ പലരുടേയും ബിസിനസ് സാമ്രാജ്യങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ കേരളം തന്നെ വിലക്ക് വാങ്ങാന്‍ പറ്റിയേക്കും.
കോടികള്‍ മറിയുന്ന ചാത്തന്‍സേവയും മറ്റും നടത്തുന്ന ബിസിനസ് കോടിപതികള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. ക്രിസ്ത്യന്‍ രീതിയില്‍ സാത്താന്‍ സേവ (സാത്താൻ സേവയെ പറ്റി മുൻപ് ഒരു ലേഖനം തയ്യാറാക്കിയിട്ടുണ്ട് )നടത്തുന്നവര്‍ കൊച്ചിയിലും , മറ്റ് നഗരങ്ങളിലും ഹൈടെക് മന്ത്രവാദവുമായി നിലയുറപ്പിച്ചിട്ടുണ്ട്. പലതിനും ലക്ഷങ്ങളാണ് ഫീസ്. വമ്പന്‍ ഷോറുമുകളുടെ ശൃംഖല ഉള്ളവര്‍, രാഷ്ട്രീയക്കാര് ( എല്ലാ പക്ഷവും) , സിനിമാക്കാര്‍, മറ്റ് ബിസിനസുകാർ , എന്‍ ആര്‍ ഐക്കാര്‍ ഇവരൊക്കെയാണ് പ്രധാന കസ്റ്റമേഴ്സ്. എതിരാളികളെ ആഭിചാരം ചെയ്ത് തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുക്കുകയാണ് ദുര്‍മന്ത്രവാദികളുടെ ഡ്യൂട്ടി.
എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നുള്ളതാണ് വസ്തുത. പ്രാചീന ജനതയുടെ ജീവിതപ്രാരാബ്ധങ്ങൾ ആവാം അവരെ ഇത്തരം ആചാരങ്ങളിലേക്കും , വിശ്വാസങ്ങളിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.
ആധുനികകേരളത്തിൽ മന്ത്രവാദപശ്ചാത്തലത്തില്‍ ധാരാളം ആൾക്കാർ കൊല്ലപ്പെടുന്നുണ്ട്. ഇതിന്റെ ഇരട്ടിയിലേറെ വരും സാമ്പത്തിക ത്തട്ടിപ്പുകളുടെ പേരിലും ,ലൈംഗിക ചൂഷണത്തിന്റെ പേരിലുമുള്ള കേസുകള്‍. തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെ വീണ്ടും വീണ്ടും ഈ അന്ധവിശ്വാസങ്ങള്‍ക്കു തല വയ്ക്കുന്നവരാണ് ഭൂരിപക്ഷവും. മന്ത്രവാദം മുതലെടുക്കുന്നത് മനുഷ്യമനുസിന്റെ പ്രലോഭനങ്ങളെയും , അരക്ഷിതാവസ്ഥയെയുമാണ്. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തില്‍ ഇക്കാലത്തും മന്ത്രത്തിനും , തന്ത്രത്തിനും ഇരകളെ കിട്ടുന്നത് സമൂഹത്തിന്റെയാകെ പരാജയമാണ്.
ഇന്ത്യയിലാകെ 2020ല്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 144 ആണ്.ദുര്‍മന്ത്രവാദക്കൊലകളില്‍ മുന്നില്‍ നില്‍ക്കുന്നത് ജാര്‍ഖണ്ഡ് സംസ്ഥാനമാണ്.
വിശ്വാസം അംഗീകരിക്കുന്ന ഒരു സമൂഹത്തില്‍ എവിടം മുതലാണ് അന്ധവിശ്വാസത്തെ എതിര്‍ത്തു തുടങ്ങുകയെന്നത് സങ്കീര്‍ണമായ ചോദ്യമായി ഇപ്പോഴും തുടരുന്നുണ്ട്. ദൈവമുണ്ടെന്നും , അതീന്ദ്രിയ ശക്തികളുണ്ടെന്നും വിശ്വസിക്കുന്ന സമൂഹത്തില്‍ തന്ത്രവും , മന്ത്രവും , ഊതിചികില്‍സിക്കലും , പ്രാര്‍ഥിച്ചു സുഖപ്പെടുത്തലും മാത്രം തെറ്റാണെന്ന് എങ്ങനെ വേര്‍തിരിച്ചു പറയും? എന്നാണ് വിശ്വാസികളുടെ ചോദ്യം.അതുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം തുടങ്ങുന്നതു തന്നെ പൊതുസ്വീകാര്യമായ ഒരു കാപട്യത്തിന്റെ പുറത്താണെന്നത് സത്യമാണ്. നല്ല വിശ്വാസവും , അന്ധമായ വിശ്വാസവുമുണ്ടെന്ന കാപട്യം.
അവിടെയാണ് വിശ്വാസം മുതലെടുത്ത് കടുത്ത അന്ധവിശ്വാസങ്ങളിലേക്കും , ചൂഷണങ്ങളിലേക്കും മനുഷ്യര്‍ നയിക്കപ്പെടുന്നത്. കൗതുകകരമായ വസ്തുത, മന്ത്രവാദത്തില്‍ വര്‍ഗീയതയില്ലെന്നതാണ്. ജാതിമതഭേദമില്ലാതെ മന്ത്രവാദികളെ വിശ്വാസികള്‍ തേടിയെത്തും. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും , കച്ചവടവും കേരളത്തില്‍ മറ്റേതു കാലത്തേക്കാളും ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്നത് സത്യം മാത്രമാണ്.
അസുഖം ഭേദപ്പെടുത്താനും , സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാനുമുള്ള കുറുക്കു വഴിയാണ് ചിലര്‍ക്കു മന്ത്രവാദം. മറ്റു ചിലര്‍ക്ക് ശത്രുസംഹാരവും , മാനസിക രോഗ ചികില്‍സയുമാണ്. വിശ്വസിക്കാനെത്തുന്നവരുടെ പ്രശ്നമേതായാലും മന്ത്രവാദികള്‍ക്ക് ഒരൊറ്റ കാര്യത്തിലേയുള്ളൂ താല്‍പര്യം. സാമ്പത്തികനേട്ടം. വിശ്വാസത്തിന്റെ പേരില്‍ ഇന്നേവരെ ഒരു മന്ത്രവാദിയും സൗജന്യമായി സേവനം നല്കിയതായി കേട്ടിട്ടില്ല. ആ സാമാന്യയുക്തി പക്ഷേ പാവം ഇരകളെ ഒരിക്കലും പിന്തിരിപ്പിച്ചിട്ടുമില്ല. സാമൂഹ്യാവസ്ഥയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമാണ് ഇരകളാവുന്നതെന്നും ചിന്തിക്കാനാവില്ല. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും , ജീവിത സാഹചര്യവുമുള്ളവരും ഇത്തരം മന്ത്രവാദികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യങ്ങള്‍ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്.
ശാസ്ത്രീയബോധം വളര്‍ത്തുകയെന്നതു തന്നെയാണ് പ്രധാന പരിഹാരം. പക്ഷേ ഡോക്ടര്‍മാരും , ശാസ്ത്രജ്ഞരും വരെ ക്രിയകള്‍ക്കു കൈ കൂപ്പുമ്പോള്‍ ശരിയായ SCIENTIFIC TEMPER എന്നു തന്നെ വ്യക്തമായി മനസിലാക്കി മുന്നോട്ടു പോകേണ്ടിവരും. ബോധവല്‍ക്കരണത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ശക്തമായ നിയമ നിര്‍മാണവുമുണ്ടാകേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ 2013ല്‍ നടപ്പാക്കിയ അന്ധവിശ്വാസ വിരുദ്ധ നിയമം മറ്റു സംസ്‌ഥാനങ്ങൾക്കു മാതൃകയാവേണ്ടതാണ്. കേരളവും സമാനമായ നിയമം ഉടൻ തന്നെ കൊണ്ടുവരും.
ജനങ്ങളുടെ അന്ധവിശ്വാസത്തെ മുതലെടുക്കുന്ന വിധം മന്ത്രവാദവും മറ്റും പ്രയോഗിക്കുന്നതു നിയമവിരുദ്ധമാക്കുകയാണ് മഹാരാഷ്ട്ര ചെയ്തത്. ഈ നിയമപ്രകാരം
മന്ത്രവാദം, നരബലി, രോഗം ഭേദമാക്കാനെന്ന പേരിലുള്ള ആഭിചാരക്രിയകൾ തുടങ്ങിയവ തടയുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരിക പീഡനം ഉൾപ്പെടെ കുറ്റകരമാകുന്ന 12 വ്യവസ്‌ഥകളാണു നിയമത്തിലുള്ളത്.
അമാനുഷികശക്‌തിയുണ്ടെന്നു പ്രചരിപ്പിക്കുക,...
ഏതെങ്കിലും വ്യക്‌തിയെ പിശാചുബാധ ആരോപിച്ചു ദ്രോഹിക്കുക...,
പ്രേതബാധയാണെന്നു വരുത്തിത്തീർത്തു വൈദ്യസഹായം നിഷേധിക്കുക...
പാമ്പോ , പട്ടിയോ ,തേളോ പോലുള്ള ജന്തുക്കളുടെ കടിയേറ്റാൽ മന്ത്രവാദം കൊണ്ടു മാറുമെന്നു പ്രചരിപ്പിക്കുക...
ഗർഭസ്‌ഥശിശുവിന്റെ ലിംഗനിർണയവും , ലിംഗമാറ്റവും മന്ത്രവാദത്താൽ സാധ്യമെന്നു വാഗ്‌ദാനം ചെയ്യുക...
പുനർജന്മമെന്ന് അവകാശപ്പെടുക
ഇത്തരം അവകാശവാദങ്ങളുടെ മറവിൽ ലൈംഗികാതിക്രമങ്ങൾക്കു ശ്രമിക്കുക...
മനോദൗർബല്യമുള്ള ആൾക്ക് അമാനുഷിക ശക്‌തികളുണ്ടെന്നു പ്രചരിപ്പിക്കുകയും ധനസമ്പാദനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക...
തുടങ്ങിയവയെല്ലാം മഹാരാഷ്‌ട്രയിലെ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകളിൽ അറസ്‌റ്റിലായാൽ ജാമ്യം ലഭിക്കില്ല. കൊലപാതകം പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ പോലും ആറുമാസം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കും. 5000 - 50,000 രൂപ പിഴശിക്ഷയ്‌ക്കും വകുപ്പുണ്ട്. . എയ്‌ഡ്‌സിനും , കാൻസറിനും മാന്ത്രികമരുന്നുണ്ടെന്നു പത്രപ്പരസ്യം നൽകിയ രണ്ടുപേരെയാണു മഹാരാഷ്‌ട്രയിൽ ഈ നിയമപ്രകാരം ആദ്യം അറസ്‌റ്റ് ചെയ്‌തത്. ദൈവത്തിന്റെ അവതാരമെന്നു അവകാശപ്പെട്ടയാള്‍ക്കെതിരെയും നടപടിയുണ്ടായി.
നിയമം കൊണ്ടു മാത്രം പരിഹാരമാകില്ലെങ്കിലും നിയമം അനിവാര്യമാണെന്നു വിളിച്ചു പറയുന്നു കുറ്റകരമായ പല സംഭവങ്ങളും. തെളിവില്ലാത്തത് വിശ്വാസം, തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നത് ശാസ്ത്രം എന്നാണ് ലളിതമായ വ്യാഖ്യാനം. ദുര്‍ബല മനസുകള്‍ വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ സമൂഹത്തിന്റെ ആകെ ജാഗ്രത ആവശ്യമുണ്ട്. ഇരകള്‍ക്കു മാത്രമല്ല, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സമൂഹത്തിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നത് അവഗണിക്കാനാകില്ല.
..........🌹വാൽ കഷ്ണം🌹..........
🌹 ശാന്തി :
ബാധയൊഴിപ്പിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കളം വരച്ച് മഞ്ഞള്‍ കലക്കിയ വെള്ളമുപയോഗിച്ച് യാതൊരു വിധത്തിലുള്ള ഉപദ്രവങ്ങളുമില്ലാതെ നടത്തുന്നതാണ് ശാന്തി.
🌹 വശ്യം :
മാന്ത്രിക കര്‍മ്മം തന്നെയാണ് വശ്യം. മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ വശീകരിക്കുന്നതിനാണ് ഈ കര്‍മ്മം ഉപയോഗിക്കുന്നത്.
🌹 സ്തംഭനം :
നമ്മുടെ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുകയാണ് സ്തംഭനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നതും.
🌹 വിദ്വേഷണം :
ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രവാദമാണ് വിദ്വേഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
🌹 ഉച്ചാടനം :
ബാധയൊഴുപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാണ് ഉച്ചാടനവും നടത്തുന്നത്. എന്നാല്‍ മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണ് ഉച്ചാടനം. മന്ത്രവാദക്കളമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തുന്നത് അയാള്‍ എല്ലാമുപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിശ്വാസം.
🌹 മാരണം :
മന്ത്രവാദത്തില്‍ ദുര്‍മന്ത്രവാദമെന്ന പേരുകൊണ്ട് അറിയപ്പെടുന്നതാണ് മാരണം. ഇതിലൂടെ മറ്റുള്ള മനുഷ്യരേയോ ജീവികളേയോ മന്ത്രമുപയോഗിച്ച് വധിയ്ക്കാന്‍ ഈ കര്‍മ്മം കൊണ്ട് സാധിയ്ക്കും.
🌹🌹
🙏കടപ്പാട്: മന്ത്രവാദ, ദുർമന്ത്രവാദത്തെ പറ്റി വിവിധ മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന ഭാഗങ്ങൾ.
EmoticonEmoticon