വേമ്ബനാട്, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചകള്‍ക്ക് കേരള സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുഖ്യ ബെഞ്ച് പത്തുകോടി രൂപ പിഴശിക്ഷ വിധിച്ചിരിക്കുന്നു
ഈ രണ്ടു കായലുകളിലെയും മലിനീകരണം ദുസഹമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതു കണക്കിലെടുത്താണ് പിഴശിക്ഷ. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിലുണ്ടായ വീഴ്ചകളുടെ പേരില്‍ നഗരസഭയ്ക്ക് നൂറുകോടി രൂപ പിഴയിട്ടത് അടുത്ത നാളിലാണ്. മലിനീകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും കാണിക്കുന്ന ഉദാസീന സമീപനം പരിസ്ഥിതിക്കും ജലസ്രോതസുകള്‍ക്കും വരുത്തുന്ന നാശനഷ്ടങ്ങള്‍ അളവറ്റതാണ്. വേമ്ബനാടും അഷ്ടമുടിയും മാത്രമല്ല സംസ്ഥാനത്തെ ജലാശയങ്ങളില്‍ തൊണ്ണൂറു ശതമാനവും കനത്ത തോതില്‍ മലിനീകരണമുള്ളവയായി മാറിക്കഴിഞ്ഞു. ഇവയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം തന്നെ നിലവിലുള്ള സംസ്ഥാനമാണിത്. എന്നാല്‍ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ കായലുകളും നദികളും തോടുകളും നീര്‍ച്ചാലുകളും എവിടെ നോക്കിയാലും കാണാം.
വേമ്ബനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് ചുമത്തിയ പത്തുകോടി രൂപയുടെ പിഴ ചീഫ് സെക്രട്ടറിയുടെ ചുമതലയിലുള്ള പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനാണു നിര്‍ദ്ദേശം. ഒരു മാസത്തിനകം പണം കെട്ടിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലിനീകരണത്തിനു കാരണക്കാരായവരില്‍ നിന്നുതന്നെ പണം വസൂലാക്കി അടയ്ക്കേണ്ട ചുമതല ചീഫ് സെക്രട്ടറിക്കാണു നല്‌കിയിരിക്കുന്നത്. കടകള്‍, സ്ഥലവാസികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, റെയില്‍വേ, തദ്ദേശസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ എന്നിവയൊക്കെ ഇതിന്റെ പരിധിയില്‍ വരും. കുറ്റക്കാരെ കണ്ടെത്തേണ്ടതും പിഴ ഈടാക്കേണ്ടതും ചീഫ് സെക്രട്ടറിയാണ്.
എല്ലാത്തരത്തിലുമുള്ള മലിനീകരണത്തോത് കുറയ്ക്കാന്‍ ഇതുപോലുള്ള കര്‍ക്കശ ഇടപെടലുകള്‍ അനിവാര്യമാണ്. ബ്രഹ്മപുരത്തെ വീഴ്ചകള്‍ സൃഷ്ടിച്ച പരിസ്ഥിതി ആഘാതം എത്ര ഭയാനകമായിരുന്നുവെന്ന് ജനങ്ങളും മനസിലാക്കിക്കഴിഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും ഹരിത ട്രൈബ്യൂണലുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത് മലിനീകരണം തടയാന്‍ വേണ്ടിയാണ്. നിര്‍ഭാഗ്യവശാല്‍ ഇവയൊക്കെ നോക്കിനില്‌ക്കെയാണ് രാജ്യത്തെവിടെയും മാലിന്യമലകള്‍ ജനജീവിതം ദുസ്സഹമാക്കുന്നത്. വേമ്ബനാട്ടു കായല്‍ ഇത്രയധികം മലിനപ്പെടാന്‍ കാരണം സംഘടിതമായ രീതിയില്‍ നടന്നുവരുന്ന മാലിന്യ നിക്ഷേപമാണ്. കായലിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ താമസക്കാരും സ്ഥാപന ഉടമകളും മാത്രമല്ല വ്യവസായശാലകളും തദ്ദേശ സ്ഥാപനങ്ങളുമൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കായലിലാണ്.
മഴക്കാലത്ത് ജലപ്രവാഹം ശക്തമാകുമ്ബോള്‍ ഏറെ ദൂരെയുള്ള പ്രദേശങ്ങളില്‍ നിന്നുപോലും മാലിന്യങ്ങള്‍ കായലിലെത്തും. 2018-ലെ വെള്ളപ്പൊക്കത്തില്‍ ഈ ഭീഷണി എത്ര വലിയ തോതിലുള്ളതായിരുന്നുവെന്ന് കേരളം കണ്ടതാണ്. തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ഇടങ്ങളിലെല്ലാം മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുക എന്നതു മാത്രമാണ് ഈ വിപത്ത് നേരിടാനുള്ള വഴി. ഈ രംഗത്തുണ്ടാകുന്ന ഏതു വീഴ്ചയും വലിയ അപകടത്തിലേക്കായിരിക്കും സംസ്ഥാനത്തെ നയിക്കുക. ഹരിത ട്രൈബ്യൂണലിന്റെ പിഴശിക്ഷ ആദ്യ മുന്നറിയിപ്പായി കണ്ടാല്‍ മതി. കാര്യങ്ങള്‍ നേരെയായില്ലെങ്കില്‍ താങ്ങാനാവാത്ത പിഴയാകും സംസ്ഥാനത്തെ കാത്തിരിക്കുന്നത്.🤔