ഓർമ്മകളിലെ പ്രഭാകരൻ മാമൻ

May 24, 2026

 

27-11-2009 ഇൽ എടുത്തത് 


ഓർമ്മകളിലെ പ്രഭാകരൻ മാമൻ

ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ വലിയ ശബ്ദങ്ങളൊന്നും ഉണ്ടാക്കാതെയാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ ശാന്തമായി നടന്ന്, ഒടുവിൽ നിശബ്ദമായി അവർ യാത്രയാകും. എന്നാൽ, അവർ നമ്മളിൽ വിതച്ച ചിന്തകളും, ചുണ്ടിൽ വിരിയിച്ച പുഞ്ചിരികളും, പറഞ്ഞുതന്ന ചെറിയ ചെറിയ വലിയ കാര്യങ്ങളും ഒരു ആയുസ്സ് മുഴുവൻ നമ്മളെ നയിച്ചുകൊണ്ടിരിക്കും. പ്രഭാകരൻ മാമൻ അതിലൊരാൾ ആയിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാരീരിക അസ്വസ്ഥതകളാൽ കിടപ്പിലായിരുന്ന മാമൻ, 2026 മെയ് 23-ന്, തന്റെ 92 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. വിരലുകൾ ചലിപ്പിച്ച് ഈ വരികൾ കുറിക്കുമ്പോഴും, മാമൻ ഇനിയില്ല എന്ന യാഥാർത്ഥ്യം മനസ്സിലേക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. രോഗിയായ മാമനെ കാണാൻ ഞാൻ പോയിരുന്നില്ല കാരണം, അങ്ങനെ അദ്ദേഹത്തെ കാണാൻ എനിക്ക് ആകുമായിരുന്നില്ല, ആ രൂപവും ആ വാക്കുകളും ഇന്നും എന്റെ മനസ്സിൽ അത്രമേൽ ജീവസ്സുറ്റതായി, ഇന്നലെയെന്നോണം നിലനിൽക്കുന്നുണ്ട്.

കലാകാരൻ

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ കാമുകിൻകോടേക്ക് താമസം മാറുന്നത്. അന്ന് മുതൽ മാമന്റെ വീട് ഞങ്ങളുടെ വീട്ടിനോട് ചേർന്നൊരു വലിയ പ്രപഞ്ചമായിരുന്നു. കുട്ടിക്കാലത്തിന്റെ വിസ്മയങ്ങളും നിഷ്കളങ്കതയും നിശ്ചയദാർഢ്യവും ഒക്കെ രൂപപ്പെട്ടത് ആ വീട്ടിൽ വച്ച് കൂടെ ആയിരുന്നു.

ഇന്നും കണ്ണടച്ചാൽ മനസ്സിൽ ആദ്യം തെളിയുന്ന ഒരു കാഴ്ചയുണ്ട് - ഒരാൾ പൊക്കമുള്ള ഒരു പനമരത്തിന്റെ മൂട് നിലത്ത് കിടത്തിയിട്ട്, ചെറിയൊരു മഴു കൊണ്ട് അതിന്റെ ഉള്ള് കൊത്തി മാറ്റുന്ന മാമൻ. അന്ന് ചെറിയൊരു കുട്ടിയായിരുന്ന എനിക്ക് അതൊരു കളി മാത്രമായി തോന്നി. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മരമൂട് മനോഹരമായ ഒരു അലമാരയായി ആ വീടിന്റെ വരാന്തയിൽ സ്ഥാനം പിടിച്ചു! വെറുമൊരു മരത്തുണ്ടിൽ പോലും ഒരപൂർവ്വരൂപം കാണാൻ കഴിയുന്ന കണ്ണ്… അത് വെറും കൈവിനോദമല്ലായിരുന്നു, ഒരു യഥാർത്ഥ കലാകാരന്റെ ആത്മാവായിരുന്നു അത്.

മാമന്റെ വീടുനിറയെ അത്തരം പല പണികൾ ഉണ്ടായിരുന്നു. അതിൽ പലതും അദ്ദേഹം തന്നെ സ്വയം കൊത്തിയെടുത്തതാണെന്ന് പറഞ്ഞു വാത്സല്യത്തോടെ എനിക്ക് കാണിച്ചുതരുമായിരുന്നു. ഒരുപക്ഷേ, “ഈ കുട്ടിക്ക് കലാവാസനയുണ്ട്” എന്ന് എന്റെ ജീവിതത്തിൽ ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും മാമനായിരിക്കാം. “അത് ജീവിതത്തിൽ ഒരിക്കലും കളയരുത്” എന്ന് അന്ന് അദ്ദേഹം തന്ന ഉപദേശം ഇന്നും എന്റെ ഉള്ളിൽ ഒരു മന്ത്രം പോലെ കിടപ്പുണ്ട്. ഉപകരണങ്ങളും പലതരം ടൂളുകളും നിറഞ്ഞ മാമന്റെ ആ മുറി, ഒരു ചെറിയ കുട്ടിയുടെ കൗതുകങ്ങൾക്ക് മുന്നിൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിധിശേഖരമായിരുന്നു.

ആ സ്കൂട്ടർ യാത്രയും ജീവിതത്തിന്റെ ഗിയറുകളും

അച്ഛന്റെ മാമന്റെ മകനായിരുന്നെങ്കിലും, അച്ഛന് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മാമൻ. എന്തിനും കൂടെ നിൽക്കുന്ന മനുഷ്യൻ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഒരിക്കൽപ്പോലും അദ്ദേഹം ആരോടും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. എന്ത് കാര്യവും വളരെ ശാന്തമായി, വിഷാദമില്ലാതെ, കേൾക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത്, ഒരു ദിവസം നെയ്യാറ്റിൻകരയ്ക്ക് പോകാൻ നിൽക്കുമ്പോൾ മാമൻ എന്നെ തന്റെ സ്കൂട്ടറിൽ കൂടെക്കൂട്ടി. ആ യാത്രയിലുടനീളം അദ്ദേഹം സംസാരിച്ചത് റോഡിനെക്കുറിച്ചും, ഗിയറുകളെക്കുറിച്ചും, വണ്ടി ഓടിക്കേണ്ട രീതികളെക്കുറിച്ചുമായിരുന്നു.

എവിടെ ഏത് ഗിയറിൽ പോകണം… എന്തുകൊണ്ട് ആ ഗിയർ തന്നെ വേണം… മോൻ എപ്പോഴും റോഡിനെ വായിക്കാൻ പഠിക്കണം… അപകടം എപ്പോള് വേണമെങ്കിലും വരാം അത് നമ്മുടെ മാത്രം അശ്രദ്ധ ആകില്ല പക്ഷേ എതിരെ വരുന്ന ആൾ അപകടം ഉണ്ടാക്കും എന്ന് നമ്മള് എപ്പോളും കരുതി ഇരിക്കണം അങ്ങനെ അങ്ങനെ .. ”

അന്ന് തുടങ്ങിയതാണ് “ഒരു നല്ല ഡ്രൈവർ എങ്ങനെയാകണം” എന്ന എന്റെ കാഴ്ചപ്പാട്. പിന്നീട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ആയിരക്കണക്കിന് കിലോമീറ്റർ ഞാൻ വാഹനം ഓടിച്ചു,  പക്ഷേ, ഇന്നുവരെ ഒരു ചെറിയ അപകടം പോലും ഉണ്ടാക്കിയിട്ടില്ല, മറ്റൊരാൾക്ക് എന്റെ വണ്ടി കൊണ്ട് ഒരു ബുദ്ധിമുട്ടും വന്നിട്ടുമില്ല. അതിന്റെയൊക്കെ കാരണം ആ സ്കൂട്ടർ യാത്രയിൽ മാമൻ പകർന്നുതന്ന പാഠങ്ങളായിരുന്നു. അദ്ദേഹം എന്നെ വണ്ടി ഓടിക്കാൻ മാത്രമല്ല, ജീവിതത്തിന്റെ ഗിയറുകൾ മാറ്റേണ്ടത് എങ്ങനെയെന്നും പഠിപ്പിക്കുകയായിരുന്നു.

സദ്യയിലെ ശാസ്ത്രം 

ഒരു ബന്ധുവിന്റെ മകളുടെ വിവാഹസദ്യയിൽ മാമനൊപ്പം ഇരുന്ന ആ ഉച്ചനേരവും മനസ്സിൽ മായാതെ കിടക്കുന്നു. സദ്യ ആസ്വദിച്ചു കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ മാമൻ എന്നോട് ചോദിച്ചു:

“ഈ സദ്യയിൽ എത്ര പായസം ഉണ്ടെന്ന് പറയാമോ?”

ഞാൻ ഇലയിലേക്ക് നോക്കി വളരെ പെട്ടെന്ന് പറഞ്ഞു: “രണ്ട്”.

മാമൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് തിരുത്തി: “മൂന്ന് ഉണ്ട്”.

എനിക്ക് അത്ഭുതമായി. അപ്പോഴാണ് മാമൻ തിരുവിതാകൂർ സദ്യയുടെ പിന്നിലെ ശാസ്ത്രീയമായ രീതികളെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.

ഇഞ്ചി ഒഴികെ എത്ര അച്ചാർ ഉണ്ടോ, അത്രയും മധുരം സദ്യയിൽ ഉണ്ടാകും… പരിപ്പിനോട് എന്ത് കൂട്ടണം… സാമ്പാറിന് ശേഷം എന്ത് വരണം… ഓരോ പായസത്തിനും ശേഷം അച്ചാർ കഴിക്കുന്നത് എന്തിനാണ്…”

നാവിന് മധുരം മടുത്തുപോകരുത് അതിനാണ് ഓരോ പായസത്തിന് ഇടയ്ക്കും അച്ചാർ കഴിക്കുന്നത്” എന്ന് അദ്ദേഹം വിശദീകരിച്ചപ്പോൾ, ഒരു സദ്യ കഴിക്കുന്നത് പോലും എത്രമാത്രം ശരി ആയി ആസ്വദിച്ച്  ആകണം അന്ന് ഞാൻ മനസ്സിലാക്കി. “അങ്ങനെ കഴിച്ചാലേ മുഴുവൻ സദ്യയും പൂർണ്ണമായി ആസ്വദിക്കാനാകൂ” എന്ന ആ വാക്കുകൾ ഇന്നും ഓരോ സദ്യയ്ക്കിരിക്കുമ്പോഴും എന്റെ ഓർമ്മയിൽ വരും. കുറച്ചു ദിവസങ്ങൾക്ക് ശേഷം കേരളകൗമുദി പത്രത്തിൽ ഇതേ വിഷയത്തിൽ മാമന്റെ ഒരു ലേഖനവും വന്നിരുന്നു. ഒരുപാട് കാലം ഞാൻ അത് സൂക്ഷിച്ചു വെച്ചിരുന്നെങ്കിലും, യാത്രകൾക്കിടയിൽ എവിടെയോ അത് നഷ്ടമായി.

പ്രകൃതിചികിത്സ

അരുവിപ്പുറത്ത് മാമൻ നടത്തിയിരുന്ന ആശ്രമം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നാണ്. അദ്ദേഹം പ്രകൃതി ചികിത്സയെക്കുറിച്ച് ആഴത്തിൽ പഠനങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരുന്ന കാലം. അവിടെ പോകുമ്പോൾ നെയ്യാറിന്റെ ആ കളകളാരവത്തിനൊപ്പം ആരോഗ്യവും ഭക്ഷണവും ജീവിതവുമായിരുന്നു ഞങ്ങളുടെ പ്രധാന സംഭാഷണ വിഷയങ്ങൾ. ചിലപ്പോൾ ഞങ്ങൾ തമ്മിൽ ആശയപരമായി വലിയ തർക്കങ്ങൾ നടക്കും, ഒടുവിൽ ഹൃദയം നിറഞ്ഞൊരു ചിരിയോടെ മാമൻ അത് അവസാനിപ്പിക്കും. ആ ചിരിയിൽ എല്ലാ തർക്കങ്ങളും അലിഞ്ഞുപോകുമായിരുന്നു.

2001-ഓടെ ഞാൻ പൂർണ്ണമായും കേരളം വിട്ടു. പിന്നീട് 2015-ന്റെ അവസാനത്തോടെ തിരികെ വന്നപ്പോഴേക്കും മാമൻ ആശ്രമം മറ്റാർക്കോ കൈമാറിയിരുന്നു. ഒരു ദിവസം ഞാൻ വീട്ടിൽ ചെന്നപ്പോൾ വൈകുന്നേരം മാമൻ “കണ്ണിന് സൂര്യചികിത്സ” (Sun gazing) ചെയ്യുകയായിരുന്നു. അത് എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുതന്ന ചില കാര്യങ്ങൾ പിന്നീട് എന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി.

മനുഷ്യന്റെ ശരീരം സ്വയം ചികിത്സിക്കാൻ കഴിവുള്ളതാണ് മോനേ. നമ്മൾ കഴിക്കുന്ന മരുന്നുകൾ ആ സ്വയചികിത്സയ്ക്ക് സഹായിക്കുന്ന കാറ്റലിസ്റ്റുകൾ (catalysts) മാത്രമാണ്. ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ കൃത്യമായി കൊടുത്താൽ പല രോഗങ്ങളും ശരീരത്തിന് തന്നെ മാറ്റാനാകും.

ഇതിലൊക്കെ മനസ്സാണ് പ്രധാനം.

‘എനിക്ക് ഇത് മാറില്ല’ എന്ന് മനസ്സ് തീരുമാനിച്ചാൽ രോഗം എളുപ്പം മാറില്ല. പക്ഷേ,

‘ഇത് മാറണം’ എന്ന് മനസ്സ് ഉറപ്പിച്ചാൽ ശരീരവും അതിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും.”

പിന്നീട് എന്റെ ജീവിതത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ  മാമന്റെ ഈ വാക്കുകൾ എനിക്ക് ധൈര്യം ആയി. യോഗയെക്കുറിച്ച് ഗൗരവമായി പഠിക്കാനും, അതിൽ കൂടുതൽ പഠനങ്ങൾ നടത്താനും എന്നെ പ്രേരിപ്പിച്ച  ഒന്ന് മാമന്റെ ആ വാക്കുകളായിരുന്നു. പണ്ട് പ്ലസ് ടുവിന് പഠിക്കുമ്പോൾ ഞങ്ങളുടെ NSS ക്യാമ്പിൽ “ഭക്ഷണം എങ്ങനെ കഴിക്കണം” എന്ന വിഷയത്തിൽ മാമൻ ഒരു ക്ലാസ് എടുത്തിരുന്നു. അന്ന് ഞാൻ മനസ്സിലാക്കി, ഭക്ഷണം എന്നത് കേവലം വയർ നിറയ്ക്കാനുള്ള ഒന്നല്ല, അതൊരു വിശുദ്ധമായ ജീവിതശൈലിയാണെന്ന്.

വിട

ഇന്ന് പിന്നോട്ട് നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു- മാമൻ വലിയ വേദികളിൽ പ്രസംഗങ്ങൾ നടത്തിയ മനുഷ്യനല്ലായിരുന്നു, പകരം തന്റെ സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായ ആളായിരുന്നു.

കൈകൊണ്ട് മരത്തെ മനോഹരമായ രൂപങ്ങളാക്കി മാറ്റിയ കലാകാരൻ…

ഭക്ഷണത്തെ ഒരു സംസ്കാരമായി കണ്ട വ്യക്തി…

പ്രകൃതിയെ യഥാർത്ഥ ചികിത്സയായി മനസ്സിലാക്കിയ മനുഷ്യൻ…

മനസ്സിന്റെ അതിരില്ലാത്ത ശക്തിയിൽ വിശ്വസിച്ച ഗുരു…

ചില മനുഷ്യർ മരിക്കുമ്പോൾ അവർ മാത്രമല്ല നമ്മളെ വിട്ടുപോകുന്നത്, ഒരു വലിയ കാലഘട്ടം കൂടിയാണ് നമ്മളിൽ നിന്നും അകലുന്നത്, അവർ വെറുമൊരു ഓർമ്മയായി മനസ്സിന്റെ കോണിൽ ഒതുങ്ങുകയല്ല ചെയ്യുന്നത്, പകരം അവർ നമ്മുടെ ജീവിതരീതികളായി, നമ്മുടെ ശീലങ്ങളായി നമ്മളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്.

എനിക്ക് പ്രഭാകരൻ മാമൻ അങ്ങനെയൊരു ഓർമ്മയാണ്...

മാമന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം! കണ്ണീരോടെ വിട...

Adv. AKHIL J K - 

 

Share this

Related Posts

Previous
Next Post »