കെട്ടിടങ്ങൾ വളരുമ്പോൾ വായന ചുരുങ്ങുന്നുവോ?
–
ഒരു പഴയ വായനക്കാരന്റെ ആത്മസാക്ഷ്യം
എന്നെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥശാല കേവലം ഒരു
കെട്ടിടമല്ല. എന്റെ ചിന്തകളെയും,
അറിവിനെയും,
വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ ആദ്യത്തെ സർവകലാശാലയാണ്.
ഉച്ചയ്ക്ക് സ്കൂൾ വിട്ടാൽ നേരെ വായനശാലയിലേക്കായിരുന്നു
ഓട്ടം. അഞ്ചോളം ദിനപത്രങ്ങൾ വായിക്കും. പുസ്തകങ്ങളിലൂടെ ചരിത്രത്തെയും സമൂഹത്തെയും
മനുഷ്യനെയും തിരിച്ചറിയാൻ പഠിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക്കുകൾ ആസ്വദിച്ചു.
അന്ന് ഗൂഗിളില്ല,
മൊബൈലില്ല,
ഇന്റർനെറ്റില്ല. ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഈ ഒരു ഗ്രന്ഥശാല
മാത്രമായിരുന്നു. പക്ഷേ അതു മതിയായിരുന്നു ഒരു തലമുറയെ ആകെ വളർത്താൻ.
വർഷങ്ങൾക്കിപ്പുറം, ജോലി ആവശ്യങ്ങൾക്കായി നാടുവിട്ടെങ്കിലും, നാട്ടിലെത്തുമ്പോഴെല്ലാം
ഞാൻ വായനശാല സന്ദർശിക്കാറുണ്ട്. വർഷങ്ങൾക്കിടയിൽ പല മാറ്റങ്ങളും കണ്ടു.
കെട്ടിടം വളർന്നു.
പുതിയ നില വന്നു.
പക്ഷേ പഴയ ആ ആകർഷണം എവിടെയോ നഷ്ടമായ പോലെ ..
പക്ഷേ ഒരു ചോദ്യം മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു...
കെട്ടിടം വളരുകയായിരുന്നോ, അതോ വായനശാല ചുരുങ്ങുകയാണോ ഉണ്ടായത് ?
ഒരുകാലത്ത് എല്ലാവരെയും സ്വാഗതം ചെയ്തിരുന്ന തുറന്ന വരാന്ത
ഇന്ന് അടച്ചുപൂട്ടിയ ഗ്രില്ലുകൾക്കുള്ളിലാണ്. നാട്ടുകാർ
ഒത്തുകൂടിയിരുന്ന വിശാലമായ ആ വായനാ മുറി ഇന്ന് അടച്ചിട്ട ഹാളായി മാറിയിരിക്കുന്നു.
അതിലും കൂടുതൽ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്.
ഒരിക്കൽ കുട്ടികളും യുവാക്കളും നിറഞ്ഞിരുന്ന ഗ്രന്ഥശാലയിൽ
ഇന്ന് കാണുന്നവരിൽ ഭൂരിഭാഗവും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. പുസ്തകങ്ങൾ
വീട്ടിലേക്ക് കൊണ്ടുപോയി വായിക്കുന്ന ശീലം വളരെ വിരളമായിരിക്കുന്നു. പുതിയ തലമുറയെ
ആകർഷിക്കുന്ന പുസ്തക ശേഖരവും പ്രവർത്തനങ്ങളും പരിമിതമാണ് എന്ന് വിളിച്ചോതുന്ന അന്തരീക്ഷം
!
കുട്ടികളിൽ വായന ശീലം വളരാൻ വായന ശാല കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എന്താണ് പുതുതായി ചെയ്തത്? ഈ ചോദ്യം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയമാണിത്.
ഗ്രന്ഥശാല ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടാണോ വായന കുറയുന്നത്?
ഗ്രന്ഥശാലയുടെ 79 ആം വാർഷിക ബ്രോഷർ വായിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. വായനാ സംസ്കാരം
യുവതലമുറയിലേക്ക് പകർന്നു നൽകണമെന്ന ആഗ്രഹം അതിൽ വ്യക്തമായിരുന്നു.
എന്നാൽ വാർഷിക പരിപാടികളുടെ പട്ടിക കണ്ടപ്പോൾ ആ സന്തോഷം
ചോദ്യചിഹ്നമായി...
ഒരു ഗ്രന്ഥശാലയുടെ വാർഷികം എന്നാൽ ഓട്ടമത്സരങ്ങളും
അനുമോദനങ്ങളും മാത്രം മതിയോ?
👉 എവിടെയാണ് പുസ്തകോത്സവങ്ങൾ?
👉 എവിടെയാണ് എഴുത്തുകാരുമായുള്ള സംവാദങ്ങൾ?
👉 എവിടെയാണ് വായനാ മാരത്തോണുകൾ?
👉 ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വായനക്കാരെ ആദരിക്കുന്ന
ചടങ്ങുകൾ?
👉
കുട്ടികളിൽ വായനാശീലം വളർത്തുന്ന പ്രത്യേക പരിപാടികൾ?
ഇവയൊക്കെയല്ലേ ഒരു ഗ്രന്ഥശാലയുടെ യഥാർത്ഥ ആഘോഷങ്ങൾ ?
ഇന്നും ഞാൻ വായന ഉപേക്ഷിച്ചിട്ടില്ല. ഒരു അധ്യാപകനായി
പ്രവർത്തിച്ച ശേഷമാണ് ഞാൻ ഹൈക്കോടതി അഭിഭാഷകനായത്. ഇന്നും വായിക്കുന്നു, എഴുതുന്നു, പഠിക്കുന്നു,
അതിന്റെയെല്ലാം അടിത്തറ പാകിയത് ആ പഴയ വായനാ മുറിയാണ്.
അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വായനശാലയുടെ മുന്നിലൂടെ
കടന്നുപോകുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നത്.
കെട്ടിടം മാറിയതുകൊണ്ടല്ല...
അവിടെ പുസ്തകങ്ങളുടെ മണം കുറഞ്ഞുപോയെന്ന തോന്നൽ കൊണ്ടാണ്.
ഒരു ഗ്രന്ഥശാലയുടെ വിജയം അതിന്റെ കെട്ടിടത്തിന്റെ
വലിപ്പത്തിലല്ല;
ഓരോ ദിവസവും എത്ര പുസ്തകങ്ങൾ വായനക്കാരുടെ കൈകളിലെത്തുന്നു
എന്നതിലാണ്.
ഒരു ഗ്രന്ഥശാലയുടെ സമ്പത്ത് അതിന്റെ ചുമരുകളല്ല; അവിടെ ആദ്യമായി പുസ്തകം തുറക്കുന്ന കുട്ടിയും, സ്വപ്നം കാണാൻ പഠിക്കുന്ന യുവാവുമാണ്.
80 ആം വർഷത്തിലേക്ക് കടക്കുന്ന ഈ മഹത്തായ സ്ഥാപനത്തോട്, പഴയൊരു
വരിക്കാരനായ എന്റെ സ്നേഹപൂർവ്വമായ അഭ്യർത്ഥന ഇത്രമാത്രം -
ഈ ഗ്രാമത്തിന് ഇനി വേണ്ടത് അടച്ചു പൂട്ടിയ വലിയ
കെട്ടിടങ്ങളല്ല... വലിയൊരു വായനാ സംസ്കാരമാണ്.
അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വായനശാലയുടെ മുന്നിലൂടെ
കടന്നുപോകുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നത്.
വായനാ സംസ്കാരമുണ്ട് എന്ന് പറയുന്നത് മാത്രം പോരാ, അത് ഓരോ
കുട്ടിയുടെയും കൈയിൽ ഒരു പുസ്തകമായി, ഓരോ യുവാവിന്റെയും ജീവിതത്തിൽ ഒരു ശീലമായി
കാണാൻ കഴിയണം, ചെയ്തു കാണിക്കാൻ കഴിയണം,
അങ്ങനെ സംഭവിച്ചില്ലെങ്കിൽ, എവിടെയാണ് നിങ്ങൾ പിന്നോട്ട്
പോയത് എന്ന് ആത്മാർത്ഥമായി ചോദിക്കേണ്ട സമയമാണിത്.
80 ആം വർഷത്തിലേക്ക് കടക്കുന്ന ഈ മഹത്തായ
സ്ഥാപനത്തോട്, എന്റെ ഉള്ളിലെ ആ 10 വയസ്സുകാരന്റെ
പേരിലുള്ള സ്നേഹപൂർവ്വമായ അഭ്യർത്ഥന ഇത്രമാത്രം -
ഈ ഗ്രാമത്തിന് ഇനി വേണ്ടത് അടച്ചുപൂട്ടിയ വലിയ
കെട്ടിടങ്ങളല്ല, ജീവസ്സുറ്റ ഒരു വായനാ സംസ്കാരമാണ്.
ഒരുകാലത്ത് എന്നെ വളർത്തിയ ആ വായനശാല, വീണ്ടും കുട്ടികളുടെ
ചിരിയും പുസ്തകങ്ങളുടെ മണവും പുതിയ ചിന്തകളുടെ ശബ്ദവും നിറഞ്ഞ ഇടമായി മാറട്ടെ! ❤️
“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ
നിങ്ങളെത്താന്‍”
—
Adv.
Akhil J K
Formerly Principal, A.T.D.C. ToT Academy (Ministry of Textiles, Government of India)
:::

EmoticonEmoticon