ചോദ്യം =ഉത്തരം 🤔

February 20, 2023
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു.

 “നമുക്ക് എത്ര കിഡ്നിയുണ്ട്?”

 “നാല് ” അവൻ മറുപടി പറഞ്ഞു.

ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു. “എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും…

 ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ "ഒരു കഴുതയുണ്ട്." അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു.

 “എനിക്കൊരു ചായയും..”

ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി.
 “കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു.
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു.....
“താങ്കൾ എന്നോട് ചോദിച്ചത് "നമുക്ക്" എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്ന പദമാണ്. 
താങ്കൾ എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. 
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. ദഹനക്കേടുണ്ടാകും.”
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി.
അധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു. എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന* അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്. നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്.
ആരെയും വില കുറച്ചു കാണുകയുമരുത്. ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും. 
മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും. അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക. ബഹുമാനം നൽകി ബഹുമാനം നേടുക.😊😊😊

Share this

Related Posts

Previous
Next Post »