നമസ്തേ എന്നാല്‍ എന്ത്? എന്തിനുവേണ്ടി?

September 19, 2015
നമസ്തേ എന്നാല്‍ എന്ത്? എന്തിനുവേണ്ടി?......

ഭാരതീയന്‍ ലോകത്ത് എവിടെ പോയാലും അവന്‍ മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്ന് പറഞ്ഞു ആയിരിക്കും ..അതിനു ചില കാരണങ്ങള്‍ ഉണ്ട് ..

തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. (ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.) ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും

Share this

Related Posts

Previous
Next Post »