കാട്ടുതീ പോലെയാണ് ആ വാർത്ത പരന്നത്... വീണ്ടും അത് നടക്കാൻ പോകുന്നു....!!
കേട്ടവരൊക്കെ പറഞ്ഞു..
"ഈ ആമക്ക് ഇത് എന്തിന്റെ കേടാ...??"
ഒരിക്കൽ ചക്ക വീണു മുയല് തോറ്റെന്നു കരുതി വീണ്ടും ഓട്ടത്തിന് പോകാൻ ആരെങ്കിലും ധൈര്യപ്പെടുമോ..?? അയ്യയ്യേ... ആമയ്ക്ക് അഹങ്കാരത്തിമിരം ബാധിച്ചിരിക്കുന്നു...!
പത്രങ്ങളായ പത്രങ്ങളിലൊക്കെയും വൻ പ്രാധാന്യത്തോടെ വാർത്ത വന്നു... ടി വി ചാനെലുകളിൽ ഫ്ലാഷ് ന്യൂസ് മിന്നി മറഞ്ഞു.. അതെ വരുന്ന ഡിസംബർ 31 നു വീണ്ടും നടക്കുന്നു ആമ - മുയൽ ഓട്ട പന്തയം...!!!
കേട്ടവർ കേട്ടവർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് രംഗം മാറി... ആമയ്ക്കും മുയലിനും ഫാൻസ് അസോസിയേഷനുകൾ ഉണ്ടായി.. കാടു നീളെ ഫ്ലക്സ് ബോർഡുകൾ നിരന്നു... ഫേസ്ബുക്കിൽ പ്രത്വേക പേജും!
മത്സരം നടക്കുന്ന ഏരിയയിൽ കട കമ്പോളങ്ങൾ നിരന്നു തുടങ്ങി... കുറുക്കനും കുരങ്ങനുമായിരുന്നു പ്രധാന കച്ചവടക്കാർ....
അയൽ കാടുകളിൽ നിന്നൊക്കെ ആൾക്കാർ എത്തിത്തുടങ്ങി... ലഹരിയും... ഡാൻസ് പാർടികളുമായി ദിനങ്ങൾ കഴിഞ്ഞു... രാജാവ് സിംഹത്തിനും സന്തോഷമായി.. കാരണം രാജ്യത്തിന്റെ ഖജനാവ് നികുതിപ്പണം കൊണ്ട് നിറയുന്നു.. മറ്റു രാജ്യക്കാർക്ക് കടിനുള്ളിലെക്ക് കടക്കാനുള്ള വിസ പ്രശ്നങ്ങളെല്ലാം ഉദാരമാക്കിയും പുതിയ മദ്യശാലകൾക്ക് അനുമതികൊടുത്തും രാജാവ് തന്ത്രപരമായി കരുക്കൾ നീക്കി..
പത്രങ്ങളും ചാനലുകളും ആമയുടെയും മുയലിന്റെയും ഇന്റർവ്യൂ തരപ്പെടുത്താൻ അഹോരാത്രം ഓടി നടന്നു...!!
ആമ സർവ്വാഭരണവിഭൂഷിതനായി എല്ലാ ഇന്റർവ്യൂകളിലും വീമ്പു പറഞ്ഞു...
ആമ വല്ലാതെ മാറിപ്പോയിരുന്നു...അന്നത്തെ ആ ജയം പ്രശസ്തിയും സമ്പത്തും നൽകിയപ്പോൾ ആമ സ്വയം മറക്കുകയായിരുന്നു.. സ്വയം മാറുകയായിരുന്നു...
പക്ഷേ മുയലിന്റെ സ്ഥിതിയായിരുന്നു ദയനീയം.. പുറത്തിറങ്ങാൻ പറ്റാതായി.. ബന്ധുക്കളും നാട്ടുകാരും കളിയാക്കി.... സ്വന്തം ഭാര്യയും കുട്ടികളും പോലും ഉപേക്ഷിച്ചു.....
ചാനൽ വണ്ടി മുയലിന്റെ മുറ്റത്തെത്തുമ്പോൾ മുയൽ അസ്വസ്ഥനായിരുന്നു...
മൈക്ക് നീട്ടി നേരെ വന്ന ചാനൽ കഴുകന്മാരോട് മുയൽ തട്ടിക്കയറി...
"നിങ്ങളോട് ഞാൻ പറഞ്ഞോ ഞാൻ ഓട്ട പന്തയത്തിന് തയാറാണെന്ന്.??..... പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഇക്കണ്ട വാർത്തയൊക്കെ പടച്ചു വിട്ടു എന്നെ ഉപദ്രവിക്കുന്നത്...?? "
ചാനലുകാർ പരസ്പരം നോക്കി.. ആരും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലാ....
അപ്പൊ മുയൽ അറിയാതെയാണ് ഈ പന്തയകോലാഹലമൊക്കെ നടന്നത്...!!
എങ്കിൽ ആരാണ് ഇതിനു പിന്നിൽ..?? ആമയാകുമോ...?
അന്വേഷണത്തിനൊടുവിൽ കാര്യം മനസ്സിലായി....
കാട്ടിലെ കോർപറെറ്റു ഭീമന്മാരായ കുരങ്ങന്റെയും കുറുക്കന്റെയും കുശാഗ്രബുദ്ധിയായിരുന്നു ഇതിനു പിന്നിൽ..!!
പക്ഷേ മാധ്യമങ്ങൾ നിസ്സഹായരായിരുന്നു... ഈ വാർത്ത വെളിച്ചത്തു കൊണ്ടുവന്നാൽ പരസ്യവരുമാനം ഇല്ലാതാകും... ചാനൽ അടച്ചുപൂട്ടേണ്ടി വരും...
പിറ്റേ ദിവസം മുതൽ വാർത്ത ഒന്നുകൂടി കൊഴുത്തു... കുരങ്ങനും കുറുക്കനും സ്പോണ്‍സർ ചെയ്യുന്ന ഓട്ടപ്പന്തയം എന്നായി കാര്യങ്ങൾ....
ദിവസമിങ്ങടുത്തു...!!
മുയലിന്റെ വിവരമില്ലാ.. ആമയാണെങ്കിൽ ഉസൈൻ ബോൾട്ടിനെ വരെ വെല്ലുവിളി നടത്തിക്കഴിഞ്ഞു..!!
പക്ഷേ ........ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുയൽ ചാനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു..!!
"എന്റെ ഭാര്യ പോലും എന്നിൽ നിന്നും അകലാൻ കാരണം ആ തോൽവിയാണ്...എന്റെ നഷ്ടപ്പെട്ട ജീവിതത്തിനു ആമയെ തോല്പിച്ചു കൊണ്ട് ഞാൻ പകരം വീട്ടും.."
പിറ്റേന്നത്തെ പത്രങ്ങൾ വാർത്ത വളച്ചൊടിച്ചു...
"എന്റെ ഭാര്യയെ എന്നിൽനിന്നും അകറ്റിയ ആമയോട് ഞാൻ പ്രതികാരം ചെയ്യും - മുയൽ.. "
.ചാനലായ ചാനലുകളിൽ അന്തി ചർച്ചകളും വാഗ്വാദങ്ങളും.. ഫാൻസ് തമ്മിൽ തല്ലും പിടിയും വാതുവെപ്പും... ഓട്ടപന്തയത്തിന് വേൾഡ് കപ്പിന്റെ പ്രതീതി നേടിക്കൊടുത്തു..!!
അങ്ങനെ ആ ദിവസമെത്തി...!!
ലക്ഷക്കണക്കിന് കാണികൾ നിറഞ്ഞ വേദിയിൽ മത്സരത്തിനു വെടിയൊച്ച മുഴങ്ങുന്നതും കാത്ത് ആമയും മുയലും ട്രാക്കിൽ നിലയുറപ്പിച്ചു...!!
മൃഗരാജൻ സിംഹം അയൽ നാട്ടിലെ രാജാക്കന്മാരെയും ക്ഷണിച്ചു മത്സരത്തിനു പിന്നിലെ നയതന്ത്ര സാധ്യതകൾ മുന്നിൽ കണ്ടു.... അൻപതിലധികം ചാനലുകൾ മത്സരം ലൈവായി ലോകമെമ്പാടും കാണിക്കുന്നുണ്ടായിരുന്നു... രാജ്യത്തെ മുഴുവൻ ആവേശ തിരയിൽ ആറാടിച്ചുകൊണ്ട് മത്സരത്തിനു വെടിയൊച്ച മുഴങ്ങി....!!!
മുയൽ കുതിച്ചു പാഞ്ഞു.... ആമയ്ക്കും മികച്ച വേഗത.... വഴിയിൽ ആവേശം നൽകിയ ആരാധകരോടൊക്കെ കൈ കാണിക്കാൻ ആമ സമയം കണ്ടെത്തി... മുയലിനു പക്ഷേ ഫിനിഷിംഗ് പോയിന്റ് മാത്രമായിരുന്നു മനസ്സിൽ....
സമയം കടന്നുപോയി... ഫിനിഷിംഗ് ട്രാക്കിൽ ക്യാമറകൾ തയ്യാറെടുത്തു... ഗാലെറി തിങ്ങി നിറഞ്ഞു....
ലാസ്റ്റ് ലാപ്പ് ഒരു തുരങ്കത്തിനകത്തു കൂടിയായിരുന്നു.... അതിനുള്ളിൽ ക്യാമറ വെക്കുന്നത് സ്പോണ്‍സർമാർ എന്തുകൊണ്ടോ തടഞ്ഞിരുന്നു... ചോദിക്കാനും ഒരാളും തയാറായില്ല.. കാരണം കോർപറെറ്റുകൾ പ്രധാനമന്ത്രിയെപ്പോലും തിരഞ്ഞെടുത്ത കാട്ടിൽ അവരോട് കളി നടക്കുമോ....?
തുരങ്കത്തിനകത്തുനിന്നും ഒരു കാലടി ശബ്ദം...!! ആരാവും അത്..??
ആകാംഷയുടെ നിമിഷങ്ങൾ....
അതാ...!!
അതാ...വരുന്നൂൂ... ആമ...!!!
മുയലിനെന്തുപറ്റി...??
കാണികൾ ഹർഷാരവം മുഴക്കി.... ചാനലുകളിൽ എക്സ്ക്ലൂസീവ് വാർത്തകൾ പായുന്നു....
ആമ ഫിനിഷിംഗ് പോയന്റിന് 10 മീറ്റർ അകലെ എത്തിയപ്പോൾ മുയൽ തുരങ്കത്തിനു പുറത്തെത്തി...!!!...
ഒന്ന് ആഞ്ഞു ഓടിയാൽ മുയലിനു ആമയെ തോല്പിക്കാം.. പക്ഷേ.. എന്തോ കരുതിക്കൂട്ടിയതുപോലെ മുയലിന്റെ വേഗത വളരെ കുറവ്...!!
അവസാനം ആമ ഫിനിഷിംഗ് പോയിന്റ് കടന്നു കൈകൾ വാനിലേക്കുയർത്തുമ്പോൾ മുയലിന്റെ മുന്നിൽ പണ്ട് കിടന്നുറങ്ങിപ്പോയ മരത്തിന്റെ മുറിച്ചുമാറ്റപ്പെട്ട കുറ്റി കിടപ്പുണ്ടായിരുന്നു...
പരാജയം ഉറപ്പിച്ച മുയൽ ജയിച്ചു നിക്കുന്ന ആമയെ ഒന്ന് നോക്കി.......
ആമ ചിരിച്ചു....
മുയലും ചിരിച്ചു....!!
ഗാലെറിയിൽ കുരങ്ങന്റെയും കുറുക്കന്റെയും മുഖത്തും അതേ ചിരിയുണ്ടായിരുന്നു.... ആരെയും വളർത്താനും തളർത്താനും കഴിവുള്ള ഒരു കോർപറേറ്റു ചിരി...!!
EmoticonEmoticon